10 തലമുറയുടെ ഉരുപ്പെരുമയിൽ ഹക്കീം ; 20 കോടിയുടെ നൗകകൾ ഖത്തർ സുൽത്താന്
ഇന്ത്യയിൽ നിർമ്മിക്കുന്ന ഏറ്റവും വലിയ ഉല്ലാസനൗക ഒന്നിന് വില 10 കോടി
കണ്ണൂർ: അഞ്ഞൂറ് വർഷവും പത്ത് തലമുറകളും - ഉരുനിർമ്മാണത്തിൽ തളങ്കര കുടുംബത്തിന്റെ പെരുമയുടെ പാരമ്പര്യം കടലുപോലെ. പത്താം തലമുറയിലെ ഡോ. തളങ്കര അബ്ദുൾ ഹക്കീം ആണ് പൈതൃകത്തിന്റെ ഇപ്പോഴത്തെ സുൽത്താൻ.
ഹക്കീമും സംഘവും ഖത്തർ രാജകുടുംബത്തിലെ സുൽത്താനു വേണ്ടി രണ്ട് ഭീമൻ ഉല്ലാസ നൗകകൾ നിർമ്മിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഉല്ലാസ നൗകകൾ. ഒന്നിന്റെ വില 10 കോടി രൂപ. തേക്കിൻതടിയിൽ കരവിരുതും ആധുനിക സാങ്കേതിക വിദ്യയും കൈകോർക്കുന്ന ആഡംബര വിസ്‌മയങ്ങൾ നാല് മാസത്തിനകം നീറ്റിലിറങ്ങും.
അഴീക്കലിലെ സുൽക്ക യാർഡിലാണ് 200 അടി നീളവും 50 അടി വീതിയും 12 അടി ഉയരവുമുള്ള രാജകീയ യാനങ്ങൾ അണിഞ്ഞൊരുങ്ങുന്നത്. ചരക്ക് കടത്താനുള്ള മറ്റൊരു ഉരു പണിപ്പുരയിലുമാണ്. ഹക്കീമിന്റെയും നൂറോളം ജോലിക്കാരുടെയും മൂന്നു വർഷത്തെ അദ്ധ്വാനഫലമാണ് നൗകകൾ. ഇതോടെ ഹക്കീം നിർമ്മിച്ച നൗകകളുടെ എണ്ണം 27 ആകും. 2015ൽ ഒരു ഷോയിൽ ഏറ്റവും മികച്ച
ഉരുവിനു ഖത്തർ ഷേക്കിൽ നിന്ന് പുരസ്‌കാരം നേടിയിരുന്നു.
സർക്കാർ സഹായം വേണം
ഫ്രാൻസും നെതർലൻഡ്സും കഴിഞ്ഞാൽ ഉല്ലാസനൗക നിർമ്മാണത്തിൽ മൂന്നാം സ്ഥാനം ഇന്ത്യയ്‌ക്കാണ്. റഷ്യയിലെ മറൈൻ കമ്പനിക്കുവേണ്ടി ഹക്കിം നിർമ്മിച്ച നൗക ലോകശ്രദ്ധ നേടിയിരുന്നു. കേരളത്തിന് ആഗോള കീർത്തി നൽകിയിട്ടും സർക്കാർ സഹായിക്കാത്തതിനാൽ നിരാശനാണ് ഹക്കിം. യൂറോപ്യൻ രാജ്യങ്ങളിൽ ഉരുനിർമ്മാണത്തിന് സാമ്പത്തിക സഹായം ഉണ്ട്.
ബേപ്പൂരിലെ മിക്ക ഉരുനിർമ്മാതാക്കളും ഗുജറാത്തിലും മറ്റും നിർമ്മാണ കേന്ദ്രം തുടങ്ങിയപ്പോഴും ഹക്കിം പോകാതിരുന്നത് ഈ വ്യവസായം കേരളത്തിൽ നിലനിൽക്കണമെന്ന നിർബന്ധത്താലാണ്. പരമ്പരാഗത വ്യവസായമെന്ന നിലയിൽ സർക്കാരിന്റെ സഹായം വേണം. ഹ്യൂമാനിറ്റീസിൽ ഓണററി ഡോക്ടറേറ്റുള്ള ഹക്കിമിന്റെ ഉരു സ്വപ്നങ്ങൾക്ക് ഭാര്യ റസീനയും മകൻ സുഹൈലും കൂട്ടായുണ്ട്.
ഉരു
ചരക്കുനീക്കത്തിന് ഉപയോഗിച്ചിരുന്ന വലിയ ബോട്ടാണ് ഉരു. നൂറ്റാണ്ടുകൾക്കു മുമ്പ് ഹക്കിമിന്റെ പൂർവികർ മംഗലാപുരത്ത് ഓട് ഫാക്ടറി നടത്തിയിരുന്നു. ആഫ്രിക്കയിലേക്കായിരുന്നു ഓട് കയറ്റുമതി. അതിനായാണ് ആദ്യ ഉരു നിർമ്മിച്ചത്. പിന്നെ കുലത്തൊഴിലായി. ഉരുപ്പടി ലോപിച്ചാണ് ഉരു ആയത്. ഇപ്പോൾ ആഡംബര നൗകയായാണ് ഇവ ഇറങ്ങുന്നത്. ബേപ്പൂർ കഴിഞ്ഞാൽ നിർമ്മാണത്തിൽ പ്രസിദ്ധം കണ്ണൂരിലെ അഴീക്കലാണ്. മാപ്പിള ഖലാസികൾ ഉരുനിർമ്മാണത്തിൽ പ്രശസ്തരാണ്.
''ഗിന്നസ് റെക്കാഡൊന്നും നോട്ടമില്ല. ഇതു പൈതൃകമായി കിട്ടിയതാണ്. തലമുറകളോളം നിലനിറുത്തണമെന്നാണ് ആഗ്രഹം.
-ഡോ. തളങ്കര അബ്ദുൾ ഹക്കീം