സ്പീക്കർ സർക്കാരിന്റെ പാവ, സി പി എമ്മിനെതിരെ നോട്ടീസ് നൽകിയാൽ അംഗീകരിക്കില്ല: വിമർശനവുമായി ചെന്നിത്തല

Friday 22 January 2021 11:00 AM IST

തിരുവനന്തപുരം: സംരക്ഷിക്കാൻ ഒരു മുഖ്യമന്ത്രിയും ഭരണവും ഉണ്ടെന്ന ഹുങ്കാണ് എന്ത് കുറ്റവും ചെയ്യാൻ സി പി എമ്മുകാരെ പ്രേരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . കണ്ണൂർ മയ്യിലെ സി പി എമ്മിന്റെ കൊലവിളി പ്രകടനത്തിനെതിരെയുളള അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെത്തുടർന്ന് സഭവിട്ടിറങ്ങിയശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ജനങ്ങളിൽ ആശങ്കയും പരിഭ്രാന്തിയും സൃഷ്ടിക്കുകയാണ് സി പി എമ്മിന്റെ ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു.അനുമതി നിഷേധിച്ച സ്പീക്കറുടെ നടപടിയെയും അദ്ദേഹം വിമർശിച്ചു.

'സ്പീക്കർ സർക്കാരിന്റെ ഒരു പാവമാത്രമാണ്. സി പി എമ്മിനെതിരെ നോട്ടീസ് നൽകിയാൽ സ്പീക്കർ അംഗീകരിക്കില്ല. സ്പീക്കർക്കെതിരായ പ്രമേയം ശരിവയ്ക്കുന്നതാണ് നിയസഭയിലെ അദ്ദേഹത്തിന്റെ നടപടി. പ്രാദേശിക പ്രശ്നം എന്നുപറഞ്ഞാണ് അദ്ദേഹം അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചത്'- ചെന്നിത്തല പറഞ്ഞു.

കൊലവിളി മുദ്രാവാക്യത്തിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു. എന്നാൽ പ്രശ്നം പ്രാദേശിക വിഷയമാണെന്നും സഭ നിറുത്തി ചർച്ച ചെയ്യേണ്ട വിഷയമല്ലെന്നും പറഞ്ഞ് സ്പീക്കർ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം യു ഡി എഫ് ബൂത്ത് ഏജന്റുമാരെ മർദ്ദിച്ച കേസിലെ പ്രതികൾക്ക് മയ്യിൽ ചെറുപഴശിയിൽ നൽകിയ സ്വീകരണത്തിലാണ് സി പി എം പ്രവർത്തകർ കൊലവിളി മുദ്രാവാക്യം മുഴക്കിയത്. 'കൊല്ലേണ്ടവരെ കൊല്ലും ഞങ്ങൾ, തല്ലേണ്ടവരെ തല്ലും ഞങ്ങൾ, കൊന്നിട്ടുണ്ടീ പ്രസ്ഥാനം.കയ്യും കൊത്തി കാലും കൊത്തി, പച്ചക്കൊടിയിൽ പൊതിഞ്ഞുകെട്ടി..' എന്നിങ്ങനെ തുടരുന്നതായിരുന്നു മുദ്രാവാക്യം. സംഭവം വിവാദമായതോടെ വിശദീകരണവുമായി സി പി എം രംഗത്തെത്തി. മുദ്രാവാക്യങ്ങൾ പാർട്ടി നയത്തിന് വിരുദ്ധമാണെന്നും ഇത്തരത്തിലുളള മുദ്രാവാക്യങ്ങൾ സി പി എം ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്നുമായിരുന്നു പാർട്ടിയുടെ വിശദീകരണം.