നേതാക്കൾക്ക് മുന്നിൽ പുതിയ ഡിമാൻഡ്, അടുത്ത ബന്ധുവായ വനിതയ്‌ക്ക് സീറ്റ് നൽകണം; ഗഹ്‌ലോട്ടിനെ കാണാൻ വിളിച്ചിട്ടും പിടികൊടുക്കാതെ കെ വി തോമസ്
കൊച്ചി: കോൺഗ്രസ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ അവസാനം വരെ സസ്‌പെൻസ് നിലനിർത്തി കെ വി തോമസിന്റെ രാഷ്ട്രീയ നീക്കം. നാളെ രാവിലെ പതിനൊന്ന് മണിയ്‌ക്ക് കെ വി തോമസ് വിളിച്ചു ചേർത്തിരിക്കുന്ന വാർത്താസമ്മേളനം എന്തിനാണെന്ന് അവസാന മണിക്കൂറുകളിൽ പോലും പലർക്കും അറിയില്ല. കോൺഗ്രസിനെ വിമർശിക്കാനാണോ വിലപേശലിനാണോ അതോ പാർട്ടി തന്നെ വിടാനാണോ കെ വി തോമസ് മാദ്ധ്യമങ്ങളെ കാണുന്നതെന്ന് അദ്ദേഹത്തിന്റെ അടുപ്പക്കാർക്ക് പോലും അറിയില്ല.
ഉമ്മൻചാണ്ടി ഇടപെട്ട് സമവായ നീക്കങ്ങൾ നടത്തുന്നതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. അനുനയശ്രമങ്ങളുമായി വിളിച്ച കോൺഗ്രസ് നേതാക്കളോട് തന്റെ അടുത്തബന്ധുവിന് നിയമസഭാ സീറ്റ് വേണമെന്ന് കെ വി തോമസ് ആവശ്യപ്പെട്ടതായി സൂചനകളുണ്ട്. കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് സ്ഥാനം, നിയമസഭാ തിരഞ്ഞെടുപ്പ് സമിതിയിലെ അംഗത്വം, പാർട്ടി ചാനലിന്റെയും മുഖപത്രത്തിന്റേയും ചുമതല അടക്കം ഹൈക്കമാൻഡ് വച്ചുനീട്ടിയ ഒന്നിനോടും കെ വി തോമസ് വഴങ്ങിയിരുന്നില്ല.
ഇതിനിടെയാണ് തന്റെ അടുത്ത ബന്ധുവായ വനിതയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകണമെന്ന ആവശ്യം കെ വി തോമസ് ഉന്നയിച്ചതെന്ന സൂചന കോൺഗ്രസ് വൃത്തങ്ങളിൽ നിന്നുതന്നെ പുറത്തുവരുന്നത്. എന്നാൽ ഈ ആവശ്യത്തിന് വഴങ്ങേണ്ടതില്ലെന്നാണ് പാർട്ടി നിലപാട്.
ഇന്ന് കേരളത്തിലെത്തുന്ന അശോക് ഗഹ്‌ലോട്ടിനെ കാണാനായി കെ വി തോമസിനെ കേരള നേതാക്കൾ കെ പി സി സി ഓഫീസിലേക്ക് ക്ഷണിച്ചിരുന്നു. അവസാനവട്ട അനുനയ ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു അശോക് ഗഹ്‌ലോട്ട് വഴി ഇടപെടാൻ നേതാക്കൾ ശ്രമിച്ചത്. എന്നാൽ നേരത്തെ നിശ്‌ചയിച്ചിരിക്കുന്ന പരിപാടികൾ ഉളളതിനാൽ തിരുവനന്തപുരത്തേക്ക് വരാനാകില്ലയെന്നായിരുന്നു കെ വി തോമസിന്റെ മറുപടി.
സി പി എം എറണാകുളം ജില്ലാ കമ്മിറ്റി കെ വി തോമസിനെ സ്വാഗതം ചെയ്‌തിട്ടുണ്ട്. ആദ്യം താത്‌പര്യം അറിയിക്കട്ടെ പിന്നീട് നിലപാട് പറയാം എന്നാണ് സി പി ഐ പറയുന്നത്. എം എം ലോറൻസ് കെ വി തോമസിന് സീറ്റ് കൊടുക്കുന്നതിനെ ശക്തമായി എതിർക്കുന്നു. എന്തായാലും ഇപ്പോഴത്തേത് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പിക്കാനുളള കെ വി തോമസിന്റെ സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമെന്ന നിലപാടിലാണ് യു ഡി എഫ്.