മുറ്റത്തെ മരത്തിൽ കായ്ച്ചു മഹർഷിമാരുടെ 'കമണ്ഡലു'

Saturday 23 January 2021 12:20 AM IST

തൃശൂർ: സന്യാസിമാരുടെ കഥകളിൽ കേട്ടറിഞ്ഞ കമണ്ഡലു വീട്ടുമുറ്റത്ത് പൂത്ത് കായ്ച്ചു.

പുരാതനകാലത്ത് മഹർഷിമാർ കുടിനീർ ശേഖരിക്കുന്ന കമണ്ഡലുവായി ഉപയോഗിച്ചിരുന്നത് ഈ മരത്തിന്റെ കായയാണ്. കൈപ്പറമ്പ് പുത്തൂർ പാങ്ങിൽ രാജന്റെ വീട്ടിലാണ് കമണ്ഡലു മരം. പത്ത് വർഷം മുമ്പ് കമ്പ് നട്ടതാണ്. പതിനഞ്ച് അടിയിലേറെ വളർന്നു.പത്തോളം കായ്‌കൾ ഉണ്ടായി.

തേങ്ങയോളം വലിപ്പമുള്ള കായകളുടെ ഉള്ളിലെ കാമ്പ് കളഞ്ഞ് മുകൾഭാഗം തുളച്ച് വള്ളി കോർത്താണ് മഹർഷിമാർ കൊണ്ടുനടന്നത്. കട്ടിയുള്ള പുറന്തോടായതിനാൽ കാലങ്ങളോളം കേടാവില്ല.

ഇതിന്റെ വെള്ളത്തിന് ഔഷധ ഗുണമുണ്ടെന്നാണ് വിശ്വാസം. ഗവേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും മരുന്നിനോ മറ്റോ ഉപയോഗിച്ചു കാണുന്നില്ല.

പൂന്തോട്ടങ്ങളിലും നഴ്‌സറികളിലും അലങ്കാരവൃക്ഷമായി കാണാറുണ്ടെങ്കിലും വേരുറയ്ക്കാനും കായ്ക്കാനും പ്രയാസമാണ്. പത്തുവർഷം മുമ്പ് തൃശൂർ വടക്കുന്നാഥ ക്ഷേത്രമുറ്റത്ത് കായ്ച്ചത് നാട്ടുകാർക്ക് ഒരു കാഴ്ചയായിരുന്നു. നട്ട് അഞ്ചാം വർഷമാണ് അവിടെ കായ്ച്ചത്.

മേയ്ഡ് ഇൻ അമേരിക്ക

ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന മരത്തിന്റെ സ്വദേശം തെക്കേ അമേരിക്കയാണ്. 40 അടിവരെ വളരും. തടിയിലാണ് പൂവിട്ട് കായ്‌കളുണ്ടാകുന്നത്. തമിഴിലെ പേര് തിരുവോട്ടുകായ് .ശാസ്ത്രീയനാമം: ക്രെസൻഷ്യ കുജേറ്റെ. ഇംഗ്‌ളീഷിൽ: ബെഗേഴ്‌സ് ബൗൾ (ഭിക്ഷാപാത്രം)​

മറ്റ് ഉപയോഗങ്ങൾ

  • തോടിൽ അലങ്കാരവസ്തുക്കൾ ഉണ്ടാക്കാം
  • വീണപോലുള്ള സംഗീത ഉപകരണങ്ങൾ നിർമ്മിക്കാം

ഇന്ത്യയിൽ ഇപ്പോൾ അപൂർവമാണ് ഈ മരം. പൂന്തോട്ടങ്ങളിൽ വളർത്താറുണ്ടെങ്കിലും പൂവും കായും അപൂർവം. രാജ്യാന്തരതലത്തിൽ നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്.

-ഡോ.പി. സുജനപാൽ, സീനിയർ സയന്റിസ്റ്റ്, കേരള വനഗവേഷണകേന്ദ്രം.