സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഗുഡ്‌വിൽ അംബാസഡറായി നടൻ മോഹൻലാൽ

Friday 22 January 2021 10:25 PM IST

സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഗുഡ്‌വിൽ അംബാസഡറായി നടൻ മോഹൻലാൽ. ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ക്ഷയരോഗ നിവാരണ പദ്ധതിയിലാണ് മോഹന്‍ലാല്‍ ഗുഡ്‌വില്‍ അംബാസിഡറാകുന്നത്. വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുവാന്‍ മോഹൻലാൽ ഒപ്പമുണ്ടാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ക്ഷയരോഗത്തിന്റെയും കൊവിഡിന്റെയും പ്രധാന ലക്ഷണങ്ങള്‍ ചുമയും പനിയും ആയതിനാല്‍ ക്ഷയരോഗം കണ്ടെത്തുന്നതില്‍ കാലതാമസം അനുഭവപ്പെടുന്നുണ്ടെന്നും ഇത് മുന്നില്‍ കണ്ടാണ് ക്ഷയരോഗ ബാധിതരെ കണ്ടെത്തുന്നതിനുള്ള ക്യാമ്പയിൽ സംസ്ഥാന സർക്കാർ ആരംഭിക്കുന്നതെന്നും ആരോഗ്യ മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

കുറിപ്പ് ചുവടെ:

'സംസ്ഥാനത്തെ ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുവാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള ക്ഷയരോഗ നിവാരണ പദ്ധതിയില്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍ ആകും. കൊവിഡിനൊപ്പം മറ്റു ആരോഗ്യപ്രശ്‌നങ്ങളും സമൂഹത്തിലുണ്ട്. അതിലൊന്നാണ് ക്ഷയരോഗം. സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി 2025ഓടുകൂടി ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിലെത്താന്‍ സംസ്‌ഥാന സര്‍ക്കാര്‍ 'എന്റെ ക്ഷയരോഗ മുക്ത കേരളം പദ്ധതി' നടപ്പിലാക്കി വരികയാണ്. ക്ഷയരോഗത്തിന്റെയും കൊവിഡിന്റെയും പ്രധാന ലക്ഷണങ്ങള്‍ ചുമയും പനിയും ആയതിനാല്‍ ക്ഷയരോഗം കണ്ടെത്തുന്നതില്‍ കാലതാമസം അനുഭവപ്പെടുന്നുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ക്ഷയരോഗ ബാധിതരെ കണ്ടെത്തുന്നതിനുള്ള ക്യാമ്പയിൽ ആരംഭിച്ചത്.'