ആക്രിക്കടയിൽ നിന്നും ആധാർ കാർഡുകൾ കണ്ടെത്തി; സംഭവം കാട്ടാക്കടയിൽ

Saturday 23 January 2021 2:00 PM IST

തിരുവനന്തപുരം: ആക്രിക്കടയിൽ വിൽപ്പനയ്‌ക്കെത്തിച്ച കടലാസ് കൂട്ടത്തിൽ നിന്നും ആധാർ ഉൾപ്പടെ നിർണായക രേഖകൾ കണ്ടെത്തി. കാട്ടാക്കടയിലെ ആക്രിക്കടയിലായിരുന്നു സംഭവം. കരകുളത്ത് വിതരണം ചെയ്യാനുള‌ള 300ലധികം ആധാർ രേഖകളാണ് കവർ പോലും പൊട്ടിക്കാത്ത നിലയിൽ ആക്രിക്കടയിൽ കണ്ടെത്തിയത്.

സ്ഥലത്തെ പൊതുപ്രവർത്തകനായ മധു ഇതുവഴി പോകുമ്പോഴാണ് ആക്രിക്കടയുടമ പേപ്പറുകൾ വേർ തിരിക്കുന്നത് കണ്ടത്. ഇതിനിടയിൽ ആധാർ രേഖകളും,​ ഇൻഷുറൻസ്, ബാങ്ക്, രേഖകളും കണ്ടെത്തി. ഇവ എത്തിച്ചയാളെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളെ കുറിച്ച് സൂചന ലഭിച്ചതായും 50 കിലോയുടെ വലിയ കെട്ടായാണ് പേപ്പറുകൾ എത്തിച്ചതെന്നും ഓട്ടോയിലാണ് കൊണ്ടുവന്നതെന്നും ആക്രിക്കട ഉടമ പൊലീസിനെ അറിയിച്ചു. നാല് വർഷത്തോളമായി വിതരണം ചെയ്യേണ്ടതായിരുന്നു ഇവ. രേഖകളെല്ലാം പൊലീസ് കസ്‌റ്റഡിയിലെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.