കല്ലുമ്മക്കായയുടെ അന്തകൻ അമേരിക്കയിൽ നിന്നെത്തി

Saturday 23 January 2021 8:32 PM IST

കൊച്ചി: മലയാളിയുടെ ഇഷ്ട വിഭവമായ കല്ലുമ്മക്കായയ്ക്ക് അപരന്റെ രൂപത്തിൽ അന്തകനെത്തി. കേരളതീരത്തെ ഓരുജലാശയങ്ങളിലും വേമ്പനാട്, അഷ്ടമുടി, കായംകുളം, പടന്ന കായലുകളിലുമാണ് ഇവ കൂട്ടമായി കാണുന്നത്.

കാഴ്ചയിൽ നാടൻ കല്ലുമ്മക്കായയാണെന്നേ തോന്നൂ. കല്ലുമ്മക്കായയുടെ അതേ കുടുംബത്തിൽപ്പെടുന്നതാണെങ്കിലും ആൾ തെക്കേ അമേരിക്കനാണ്. അപകടകാരിയും. ഗുണവും രുചിയുമില്ല. കല്ലുമ്മക്കായ, മുരു, കക്ക എന്നിവയെ നശിപ്പിക്കും. മൈറ്റെല്ല സ്ട്രിഗേറ്റയെന്നാണ് ശാസ്ത്രനാമമെന്ന് കൊച്ചി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം (സി.എം.എഫ്.ആർ.ഐ) പറയുന്നു. നാടൻ കല്ലുമ്മക്കായയുടെ നാമം പെർണ വിറിഡിസ് എന്നാണ്.

നുഴഞ്ഞുകയറി

2018 ലാണ് കേരളത്തിൽ കണ്ടെത്തുന്നത്. കപ്പലുകളിൽ പറ്റിപ്പിടിച്ചും കപ്പലിലെ ബല്ലാസ്റ്റ് ടാങ്കിലെ ജലം വഴിയുമായി​രുന്നു രംഗപ്രവേശം. എട്ട് സെന്റീമീറ്റർ വരെ വളരും.

തിരിച്ചറിയാൻ

വിദേശിയുടെ പുറംതോടിന് ഇരുണ്ട തവിട്ട് നിറമോ കറുപ്പോ ആയിരിക്കും. നാടൻ കല്ലുമ്മക്കായയുടെത് മരതകപ്പച്ചയാണ്. നാടൻ കല്ലുമ്മക്കായയുടെ തോട് കൂർത്തതാണ്. പുറംതോടിന്റെ ആകൃതിയിലും ഉൾവശത്തെ മാംസത്തിന്റെ നിറത്തിലും വ്യത്യാസമുണ്ട്.

അന്തകന്റെ അന്ത്യം കാണണം

കല്ലുമ്മക്കായ കൃഷി കേരളത്തിൽ, പ്രത്യേകിച്ച് ഉത്തരകേരളത്തിൽ വ്യാപകമാണ്. നാടൻ കല്ലുമ്മക്കായയുടെ വിത്താണെന്ന് തെറ്റിദ്ധരിച്ച് കർഷകർ സ്ട്രിഗേറ്റ കൃഷി ചെയ്യാൻ സാദ്ധ്യതയുണ്ട്. നാടൻ ഇനത്തി​ന് മേൽ പറ്റിപിടിച്ച് അതിന് ഓക്സിജൻ കിട്ടാതെ വരും. ഫാമിംഗ് മേഖലയിൽ നിന്ന് മാറ്റി​ പുറത്തിട്ട് നശിപ്പിക്കണം. പ്രതിസന്ധി​ സൃഷ്ടി​ക്കും മുമ്പ് മുഴുവൻ ഇല്ലാതാക്കണം.

-ഡോ. പി. ലക്ഷ്മി ലത

പ്രിൻസിപ്പൽ സയന്റിസ്റ്റ്

സി.എം.എഫ്.ആർ.ഐ