ആരെ ഒഴിവാക്കിയാലും ആ വ്യക്തിയെ ഒഴിവാക്കുന്നത് കടുത്ത നന്ദികേടും നീതികേടുമാകും, ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങിൽ ആലപ്പുഴക്കാർ ആഗ്രഹിക്കുന്നത് ഒരാളെ മാത്രമെന്ന് സംവിധായകൻ

Sunday 24 January 2021 12:37 PM IST

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ നിന്ന് കെ.സി വേണുഗോപാൽ എംപിയെ ഒഴിവാക്കിയ നടപടിയെ വിമർശിച്ച് സംവിധായകൻ ആലപ്പി അഷ്‌റഫ് രംഗത്ത്. വർഷങ്ങളായി മുടങ്ങി കിടന്ന ഈ ബൈപ്പാസിന്റെ പുനർനിർമാണത്തിനായി, ഉദ്ഘാടകനൊഴികെ മറ്റാരും ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ലെന്നും, ബൈപ്പാസ് പ്രാവർത്തികമാക്കാൻ ആദ്യമായി മുൻകയ്യെടുത്തതും, കേന്ദ്രത്തിലുള്ള തന്റെ സ്വാധീനം ഉപയോഗിച്ച് പ്രാരംഭനടപടികൾ ആരംഭിക്കുകയും ചെയ്‌തത് കെസി വേണുഗോപാലാണെന്ന കാര്യം വിസ്‌മരിക്കരുതെന്നും അഷ‌്റഫ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

ആലപ്പുഴ ബൈപാസ്സ് ,
ഉദ്‌ഘാടനത്തിനായി ഒരുങ്ങുകയാണല്ലോ ശ്രീ നിതിൻ ഗഡ്ക്കരി ഉത്ഘാടകനാവുന്ന പ്രസ്തുത ചടങ്ങിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, മന്ത്രിമാരായ ജി സുധാകരൻ,വി മുരളീധരൻ, വിജയകുമാർസിഗ് എന്നിവ രെല്ലാമാണ് പങ്കെടുക്കുന്ന പ്രധാനികൾ എന്നറിയാൻ കഴിഞ്ഞു !
എന്നാൽ ഇവരിൽ ആരുംതന്നെ വർഷങ്ങളായി മുടങ്ങി കിടന്ന ഈ ബൈപാസ്സിന്റെ പുനർനിർമാണത്തിനായി, ഉൾഘാടകനൊഴികെ മറ്റാരും ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ല എന്നതാണ് ആശ്ചര്യമുളവാക്കുന്ന സത്യം.


ഉത്ഘാടനവേളയിൽ ഭരണം കൈവശം വന്നുചേർന്നു എന്നതു മാത്രമണ് ഇവരെ ആ ചടങ്ങിൽ സന്നിഹിതരാവാൻ പ്രാപ്തരാക്കുന്ന വസ്തുത ?
എന്നാൽ മറ്റൊരു വ്യക്തിയുടെ സാന്നിധ്യം ഞങ്ങൾ ആലപ്പുഴക്കാർ ഒന്നടങ്കം ആഗ്രഹിക്കുന്നില്ലേ ...?


ആരെ ഇവർ ഒഴിവാക്കിയാലും ആ വ്യക്തിയെ ഒഴിവാക്കുന്നത് കടുത്ത നന്ദികേടും നീതികേടുമാകും !


പതിറ്റാണ്ടുകളായി മുടങ്ങികിടന്ന ഈ ബൈപാസ് പ്രാവർത്തികമാക്കാൻ ആദ്യമായി മുൻകയ്യെടുത്തതും, കേന്ദ്രത്തിലുള്ള തന്റെ സ്വാധീനം ഉപയോഗിച്ച് പ്രാരംഭനടപടികൾ ആരംഭിക്കുകയും ചെയ്തത് ശ്രീ കെസി വേണുഗോപാലാണെന്ന വസ്തുത വിസ്മരിക്കുന്നത് മാനുഷത്വത്തിന് നിരക്കാത്ത പ്രവർത്തിയാണന്നതിൽ സംശയമില്ല.


348.43 കോടി രൂപയായിരുന്നു കൊമ്മാടി മുതൽ കളർകോടു വരെയുള്ള 6.8 കിലോമീറ്റർ നീളമുള്ള ആലപ്പുഴ ബൈപാ നുവേണ്ടി വകയിരുത്തിയിരുന്ന ബഡ്ജറ്റ്. ഈ തുക സംസ്ഥാന ചരിത്രത്തിൽ ആദ്യമായ് കേന്ദ്രഗവർമെന്റും സംസ്ഥാന ഗവർമെന്റും തുല്യമായി ചിലവഴിച്ച്, എത്രയും വേഗത്തിൽ പണികൾ പൂർത്തീകരിക്കാൻ കെസി വേണുഗോപാൽ നടത്തിയ ശ്ലാഖനീയമായ ശ്രമമാണ് ഇന്ന് നമുക്കുമുമ്പിൽ സാക്ഷത്കരി ക്കപ്പെടുന്നത് എന്ന സത്യം നാം വിസ്മരിക്കരുത് !


ബൈപാസ് കടന്നുപോകുന്ന മാളികമുക്ക്, കുതിരപ്പന്തി എന്നീ മേഖലകളിൽ ഇന്ത്യൻ റെയിൽവേയുടെ സമ്മതത്തിനായിവന്ന കാലതാമസം മറികടക്കാനും, ഒഴിവാക്കാനുമായി ശ്രീ കെസി നടത്തിയ ശ്രമങ്ങളിൽ മുന്നൂറിൽപരം മീറ്റിംഗുകൾ ഉൾപ്പെടുന്നു എന്നുള്ള വസ്തുത വെറുമൊരു പ്രശംസയിൽ ഒതുക്കാവുന്നതല്ല ! .


ഇത്രയും ഇവിടെ എഴുതിയത് മറ്റൊന്നിനുമല്ല ആലപ്പുഴ ബൈപാസ് ഉൽഘാടനവേളയിൽ, ഉൽഘാടകനൊപ്പം തുല്യ പ്രാധാന്യത്തോടെ ശ്രീ കെസി യും ഉണ്ടാവണം ആദരിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നതുകൊണ്ട് മാത്രം !


കെസിയുടെ അസാന്നിധ്യത്തിൽ നടക്കുന്ന ഉൽഘാടനം ആ ബൈപാസിനുതന്നെ അപമാനമായിരിക്കില്ലേ...?
അങ്ങിനെ സംഭവിച്ചാൽ നമ്മൾ ആലപ്പുഴക്കാരെ നന്ദികേടിന്റെ പര്യായമായി മാലോകർ വിലയിരുത്തും !
ചരിത്രം അതിന് ഒരിക്കലും മാപ്പു തരില്ല.
സ്‌നേഹപൂർവ്വം
സ്വന്തം ആലപ്പി അഷ്രഫ്‌

ആലപ്പുഴ ബൈപാസ്സ് ,
ഉത്ഘാടനത്തിനായി ഒരുങ്ങുകയാണല്ലോ ശ്രീ നിതിൻ ഗഡ്ക്കരി ഉത്ഘാടകനാവുന്ന പ്രസ്തുത ചടങ്ങിൽ മുഖ്യമന്ത്രി...

Posted by Alleppey Ashraf on Saturday, 23 January 2021