വിനോദസഞ്ചാരിയുടെ മരണം ദൗർഭാഗ്യകരം: ടൂറിസം മന്ത്രി

Monday 25 January 2021 12:00 AM IST

തിരുവനന്തപുരം: കാട്ടാനയുടെ ആക്രമണത്തിൽ വയനാട് മേപ്പാടിക്ക് സമീപം സ്വകാര്യ റിസോർട്ടിൽ വിനോദസഞ്ചാരിയായ കണ്ണൂർ സ്വദേശിനി കൊല്ലപ്പെട്ട സംഭവം ദൗർഭാഗ്യകരമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ജില്ലാ കളക്ടറും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദർശിച്ചിരുന്നു. വനാതിർത്തിയോട് ചേർന്ന് പ്രവർത്തിക്കുന്ന സ്ഥാപനം ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നില്ലെന്നാണ് മനസിലാക്കുന്നത്. 'റെയിൻ ഫോറസ്റ്റ്' എന്ന സ്ഥാപനത്തിന് മേപ്പാടി പഞ്ചായത്തിന്റെ ലൈസൻസും ഉണ്ടായിരുന്നില്ല. സുരക്ഷാ മുൻകരുതൽ സ്വീകരിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയ സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായി സാഹസിക ടൂറിസം ഗൈഡ് ലൈനും രജിസ്‌ട്രേഷനും ഏർപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ ടെന്റ് ഉൾപ്പെടെയുള്ള ഔട്ട്‌ഡോർ സ്റ്റേകൾക്കും ഗൈഡ് ലൈൻ ഉടൻ പുറത്തിറക്കും. ഇതിനായി അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിക്ക് ആവശ്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിലുള്ള മാനദണ്ഡങ്ങൾക്ക് പുറമേ ഈ ഗൈഡ് ലൈൻ കൂടി ഇത്തരം കാര്യങ്ങൾക്ക് നിർബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.