സോളാർ കേസ്: സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു- കെ.സുരേന്ദ്രൻ

Monday 25 January 2021 12:00 AM IST

തിരുവനന്തപുരം: സി.പി.എമ്മും ഇടതുപക്ഷവും നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിലിൽ സോളാർ കേസ് സി.ബി.ഐക്ക് വിടാൻ തീരുമാനിച്ചത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സോളാർ വിവാദം ഉയർത്തി ഭരണത്തിലെത്തിയ ഇടതുപക്ഷം അഞ്ചുവർഷം ഭരിച്ചിട്ടും ഈ കേസിൽ ചെറുവിരൽ പോലും അനക്കിയില്ല. ഇപ്പോൾ കേസ് സി.ബി.ഐക്ക് വിടുന്നത് രാഷ്ട്രീയ നാടകമാണ്. വടക്കാഞ്ചേരി ലൈഫ് മിഷൻ തട്ടിപ്പിലും ഡോളർകടത്തിലും പെരിയ ഇരട്ടക്കൊലപാതകക്കേസിലും ലാവ്‌ലിൻ കേസിലും സി.ബി.ഐയെ എതിർക്കുന്ന സി.പി.എമ്മിന് സോളാർ കേസിൽ സി.ബി.ഐ വേണമെന്നത് വിചിത്രമാണ്. ഇതോടെ കേന്ദ്ര ഏജൻസികൾക്കെതിരായ സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് വെറും രാഷ്ട്രീയമാണെന്ന് ജനങ്ങൾക്ക് ബോദ്ധ്യമായെന്നും സുരേന്ദ്രൻ പറഞ്ഞു.