'പ്രിയയുടെ മുഖാവരണം' ചിത്രകഥ മലയാളത്തിൽ

Monday 25 January 2021 12:18 AM IST

ചെന്നൈ: ജനപ്രിയ സൂപ്പർ ഹീറോ ചിത്രകഥയായ 'പ്രിയയുടെ മുഖാവരണം’ മലയാളം, തമിഴ്, കന്നട ഭാഷകളിൽ ഓൺലൈൻ പതിപ്പുകളായി ചെന്നൈയിലെ യു.എസ്. കോൺസുലേറ്റ് ജനറൽ പുറത്തിറക്കി. ഇന്ത്യയിലെ ആദ്യ വനിതാ കോമിക്‌ സൂപ്പർ ഹീറോയായ പ്രിയ കേന്ദ്ര കഥാപാത്രമാകുന്ന പരമ്പരയിലെ ഏറ്റവും പുതിയ ചിത്രകഥയാണ് ഇത്.

കൊവിഡ് മഹാമാരിയെക്കുറിച്ചുള്ള അനാവശ്യ ഭീതിയോടും അബദ്ധ ധാരണകളോടും പ്രിയ നടത്തുന്ന പോരാട്ടമാണ് ഇതിവൃത്തം. അമേരിക്കൻ മാദ്ധ്യമ സ്ഥാപനമായ റാറ്റപ്പലാക്‌സ് സ്ഥാപകനും ഡോക്യുമെന്ററി സംവിധായകനുമായ റാം ദേവിനേനി ആണ് സംവിധായകൻ. ശുഭ്ര പ്രകാശിന്റേതാണ് കഥ. ഓഗ്‌മെന്റഡ് റിയാലിറ്റി രൂപത്തിലുള്ള പുസ്തകത്തോടൊപ്പം റൊസന്ന ആർക്കേറ്റ്, വിദ്യാ ബാലൻ, മൃണാൾ ഠാക്കൂർ, സൈറാ കബീർ എന്നിവർ ഉൾപ്പെടെ ഇന്ത്യയിലെയും അമേരിക്കയിലെയും പ്രമുഖ സ്‌ത്രീ സമത്വവാദികളുടെ ശബ്ദത്തോടു കൂടിയ അനിമേറ്റഡ് ഹ്രസ്വചിത്രവും പുറത്തിറങ്ങി.

ആഗോള ആരോഗ്യ വെല്ലുവിളികളെ ഒരുമിച്ചു നേരിടാനുള്ള ഇന്ത്യക്കാരുടെയും അമേരിക്കക്കാരുടെയും പ്രാവീണ്യത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഈ കോമിക് പുസ്തകമെന്ന് ചെന്നൈയിലെ യു.എസ്. കോൺസുലേറ്റ് ജനറൽ വക്താവ് കോറി ബിക്കൽ പറഞ്ഞു. ചിത്രകഥയുടെ മലയാളം ഉൾപ്പെടെ വിവിധ ഭാഷാ പതിപ്പുകൾ www.priyashakti.com/priyas-mask എന്ന വെബ്‌സൈറ്റിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാം.