10 വയസുകാരൻ തേടുന്നു, വീടിന്റെ ടെറസിലിരുന്ന് പ്രപഞ്ചരഹസ്യങ്ങൾ

Monday 25 January 2021 12:25 AM IST

തിരുവനന്തപുരം: പേട്ട ആനയറയിലെ വീടിന്റെ ടെറസിലിരുന്നാൽ അർജ്ജുന്റെ കണ്ണിൽ പതിയുന്നത് ബഹിരാകാശത്തിലെ വിസ്മയക്കാഴ്ചകൾ. ടെറസിൽ ഒബ്സർവേറ്ററി ടെലിസ്ക്കോപ്പ് സ്ഥാപിച്ച് ആകാശക്കാഴ്ചകൾ ആവാഹിക്കുന്ന അർജ്ജുൻ സൂരജിന് പ്രായം പത്തുവയസ്.

വീട്ടിലെ ചെറിയ വാനനിരീക്ഷണകേന്ദ്രത്തിൽ സെലസ്ട്രോൺ അസ്ട്രോമാസ്റ്റർ 130ഇ. ക്യു. ഒബ്സർവേറ്ററി ‌ടെലസ്കോപ്പാണ് കളിപ്പാട്ടംപോലെ കൈകാര്യം ചെയ്യുന്നത്.

ശ്രീകാര്യത്തെ ലെക്കോള ചെമ്പക സ്‌കൂളിലെ ആറാംക്ളാസ് വിദ്യാർത്ഥിയായ അർജ്ജുൻ ഏഴാം വയസിൽ

പ്രപഞ്ച വിജ്ഞാനത്തിന്റെ വാതിലുകൾ തുറക്കുന്ന സ്റ്റീഫൻ ഹോക്കിംഗിന്റെ 'എ ബ്രീഫ് ഹിസ്റ്ററി ഒാഫ് ടൈം' ബന്ധുവിന്റെ വീട്ടിൽ വച്ചു കണ്ടതും വായിച്ചതുമാണ് വഴിത്തിരിവായത്. രണ്ടാം ക്ളാസുകാരന്റെ മനസ് ബഹിരാകാശത്ത് പാറിപ്പറക്കാൻ തുടങ്ങി. മൂന്നു വർഷത്തിനിടെ ആ പുസ്‌തകം പലയാവർത്തി വായിച്ചു. കാലവും കാലത്തെ അതിലംഘിക്കുന്ന പ്രപഞ്ച കൗതുകങ്ങളും സംശയങ്ങളായി. പിന്നീട് ചോദ്യങ്ങളായി. ലെക്കോള ചെമ്പകയിലെ അദ്ധ്യാപകരിലേക്കും പിന്നീട് പുറത്ത് ശാസ്ത്രജ്ഞരിലേക്കും ചോദ്യങ്ങൾ നീണ്ടു.

നാസയിലെയും ഐ. എസ്. ആർ. ഒയിലെയും ശാസ്‌ത്രജ്ഞരാണ് ഇപ്പോൾ കൂട്ടുകാർ. സ്‌പെ‌യ്സ് എക്സും ഫാൽക്കൺ റോക്കറ്റും സൗരയൂഥത്തിനു പുറത്ത് ജനപദങ്ങൾ തേടിയുള്ള അന്വേഷണവുമൊക്കെയാണ് കൗതുകങ്ങൾ.

ഇപ്പോൾ ബഹിരാകാശ വിജ്ഞാനത്തിൽ കൊച്ചു പുലിയാണ്.

പേട്ട ആനയറയിൽ കിളിക്കുന്നം ലെയ്‌നിൽ താമസിക്കുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ പിതാവ് സൂരജ് വിജയനും അമ്മ നിഷയും ഏകമകനുവേണ്ടി വൻതുക ചെലവിട്ടാണ് പുസ്തകങ്ങളും ടെലസ്കോപ്പും മറ്റ് പരീക്ഷണസൗകര്യങ്ങളും ഒരുക്കിയത്.

പ്രഭാഷണങ്ങൾക്കും മറ്റുമായി തിരക്കിലാണ് അർജുൻ. അന്ധവിശ്വാസങ്ങൾക്കെതിരെ ബോധവൽക്കരണം നടത്തുന്ന എസെൻസ് ക്ളബുപോലുള്ള പുരോഗമന കൂട്ടായ്മകളുടെ പരിപാടികളുമുണ്ട്. ബഹിരാകാശ ശാസ്ത്രത്തെ കുറിച്ചുള്ള " എ പീപ്പ് ഇൻറ്റു ദ യൂണിവേഴ്സ്" എന്ന പുസ്തകത്തിന്റെ പണിപ്പുരയിലാണ് കൊച്ചുമിടുക്കൻ.

2019ൽ സൂര്യഗ്രഹണം കാണാൻ മലപ്പുറം വരെ ഉപകരണങ്ങളുമായി പോയ അർജ്ജുന്റെ യാത്ര വാർത്തയായിരുന്നു. ഭാവിയിൽ സ്പെയ്സ് എക്സിൽ പ്രവർത്തിക്കണമെന്നാണ് ആഗ്രഹം.

പ്രതിഭയുടെ തിളക്കം

  • 150ലേറെ ബഹിരാകാശ ശില്പശാലകൾ
  • മുപ്പതിലേറെ ബഹിരാകാശ പ്രഭാഷണങ്ങൾ
  • കോസ്‌മോസ് അർജുൻ- യൂ ട്യൂബ് ചാനൽ
  • ചാനലിൽ പത്തുലക്ഷത്തിലേറെ ആരാധകർ
  • നിരവധി ശാസ്ത്രജ്ഞ കൂട്ടായ്‌മകളിലെ അംഗം.