മാലിന്യമുക്ത ഗ്രാമങ്ങൾ; ശേഖരിച്ചത് 11 ടൺ അജൈവ മാലിന്യം
കൽപ്പറ്റ: ക്ലീൻ കേരളയുടെ ഭാഗമായി വയനാട് ജില്ലയിൽ ഒരാഴ്ച കൊണ്ട് ശേഖരിച്ചത് 11 ടൺ അജൈവ മാലിന്യങ്ങൾ. വീടുകളിലും പരിസരങ്ങളിലേക്കും അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങളെ ഒരു കുടക്കീഴിൽ ഹരിതകേരള മിഷനും ശുചിത്വമിഷനും ചേർന്ന് ശേഖരിക്കാൻ തുടങ്ങിയതോടെയാണ് അനുദിനം കുമിഞ്ഞു കൂടുന്ന മാലിന്യങ്ങളുടെ കണക്കുകൾ പുറത്ത് വന്നത്. തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ വാർഡുകൾ തോറും ഹരിതകർമ്മ സേനകളെ നിയോഗിച്ചാണ് ക്ലീൻ കേരള കമ്പനി മാലിന്യങ്ങൾ ശേഖരിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടത്. ഗ്രാമങ്ങൾ തോറും മാലിന്യ നിർമ്മാർജ്ജനത്തിന് മികച്ച പിന്തുണയാണ് തുടക്കം മുതൽ ലഭിക്കുന്നത്.
ഹരിതകർമ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ വില നൽകിയാണ് ക്ലീൻ കേരള കമ്പനി ഏറ്റെടുക്കുക. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യം തരം തിരിക്കാൻ ക്ലീൻ കേരള കമ്പനി പരിശീലനം നൽകുന്നു. തരം തിരിക്കുന്ന അജൈവ മാലിന്യം വില നൽകി ഏറ്റെടുക്കും. ഹരിത കർമ്മ സേനയ്ക്ക് ഇതുവഴി വരുമാനമുണ്ടാക്കാം. മാലിന്യ ശേഖരണത്തിൽ കൂടുതൽ പങ്കാളിത്തം ഉറപ്പിക്കാനും കഴിയും. ജില്ലയിൽ 17 ഗ്രാമ പഞ്ചായത്തുകളും മാനന്തവാടി നഗരസഭയും ആദ്യഘട്ടത്തിൽ കാംപയിനിന്റെ ഭാഗമായി. 11 ടൺ അജൈവ മാലിന്യം ക്ലീൻ കേരള കമ്പനി വില നൽകി ശേഖരിച്ചു.
സർക്കാർ ഓഫീസുകളും മാലിന്യമുക്തം
ജില്ലയിലെ സർക്കാർ ഓഫീസുകൾ മാലിന്യ മുക്തമാക്കുന്നതിനുള്ള ഗ്രീൻ ഓഫീസ് പദ്ധതിക്കും മികച്ച പ്രതികരണം. ജില്ലയിലെ 400 ഓഫീസുകളിലാണ് ഹരിത ഓഡിറ്റ് നടത്തിയത്. 38 ജില്ലാതല ഓഫീസുകൾക്ക് 70 ന് മുകളിൽ മാർക്ക് ലഭിച്ചു. 23 താലൂക്ക് തല ഓഫീസുകളും 3 നഗരസഭകളും 4 ബ്ലോക്ക് പഞ്ചായത്തുകളും 19 ഗ്രാമ പഞ്ചായത്തുകളുമാണ് ആദ്യ ഘട്ടത്തിൽ യോഗ്യത നേടിയത്. റിപ്ലബ്ലിക് ദിനത്തിൽ ഇവർക്ക് ഗ്രേഡ് പദവിയും സർട്ടിഫിക്കറ്റും നൽകും. 40 പരിശോധന സമിതികളുടെ നേതൃത്വത്തിലായിരുന്നു ഗ്രേഡിംഗ്. ജില്ലാതല ഓഫീസുകൾ, താലൂക്കുതല ഓഫീസുകൾ , നഗരസഭ ഓഫീസുകൾ, ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകൾ, ഓരോ ഗ്രാമപഞ്ചായത്ത് പരിധിയിലുമുള്ള 10 ഓഫീസുകൾ, മുനിസിപ്പൽ പരിധിയിലുള്ള 20 ഓഫീസുകൾ എന്നിവ ഹരിത ഓഡിറ്റിന് വിധേയമാക്കി.
പരിശോധനയിൽ 70 മുതൽ 100 വരെ മാർക്ക് നേടുന്ന ഓഫീസുകളെ എ, ബി, സി ഗ്രേഡുകളുള്ള ഹരിത ഓഫീസായി പ്രഖ്യാപിച്ച് സർട്ടിഫിക്കറ്റ് നൽകും. 70 മാർക്കിന് താഴെ നേടിയ ഓഫീസുകൾക്ക് ഹരിത ഓഫീസ് പദവിയും ഗ്രേഡും സർട്ടിഫിക്കറ്റും നൽകില്ല. ഇവർക്ക് 15 ദിവസത്തെ കാലാവധി നിശ്ചയിച്ച് നൽകി പുന:പരിശോധന നടത്തി യോഗ്യത നേടാവുന്നതാണ്. 90 മുതൽ 100 മാർക്ക് നേടുന്ന ഓഫീസുകൾക്ക് എ ഗ്രേഡ് , 80 മുതൽ 89 വരെ മാർക്ക് നേടുന്ന ഓഫീസുകൾക്ക് ബി ഗ്രേഡ്, 70 മുതൽ 79 മാർക്ക് നേടുന്ന ഓഫീസുകൾക്ക് സി ഗ്രേഡ് എന്നിങ്ങനെയാണ് നൽകുന്നത്. ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങൾ വിലയിരുത്തി ഗ്രീൻ ഓഫീസ് സർട്ടിഫിക്കേഷനും ഗ്രേഡും നൽകുന്നതിന്റെ ഭാഗമായി ഓഫീസുകളുടെയും മുഖം മാറുകയാണ്.
പ്രതീക്ഷയുടെ പച്ചത്തുരുത്തുകൾ
സംസ്ഥാനത്തെ രണ്ടാമത്തെ സമ്പൂർണ പച്ചത്തുരുത്ത് ജില്ലയാണ് വയനാട്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ , സന്നദ്ധ സംഘടനകൾ , പൊതു സ്ഥാപനങ്ങൾ , വകുപ്പുകൾ , വ്യക്തികൾ എന്നിവരുടെയെല്ലാം സഹകരണത്തോടെ തദ്ദേശീയമായി വൃക്ഷങ്ങളും മറ്റ് സസ്യങ്ങളും നട്ടുവളർത്തി ചെറുവനങ്ങൾ സൃഷ്ടിച്ചാണ് വയനാട് മുന്നേറിയത്. തദ്ദേശ സ്ഥാപനങ്ങളിൽ തൊഴിലുറപ്പ് പദ്ധതി ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തി മൂന്ന് മുതൽ അഞ്ചു വർഷം വരെ പച്ചത്തുരുത്തുകളുടെ പരിപാലനവും ഉറപ്പ് വരുത്തുന്നു. ജില്ലയിൽ 26 തദ്ദേശ സ്ഥാപനങ്ങളിൽ നിന്നായി 18.66 ഏക്കറിൽ 33 പച്ചത്തുരുത്തുകൾ ഇതിനകം യാഥാർത്യമായി. സംസ്ഥാന ഐ. ടി. മിഷന്റെ സഹായത്തോടെ ഉപഗ്രഹ മാപ്പിംഗ് സംവിധാനമുപയോഗിച്ചു ഓരോ പച്ചത്തുരുത്തിന്റെയും സ്ഥാനം , വിസ്തൃതി , തൈകൾ , ഇനം , എണ്ണം തുടങ്ങിയ വിവരങ്ങൾ അടയാളപെടുത്തുന്ന മാപ്പത്തോൺ പ്രവർത്തനങ്ങളും നടന്നു വരികയാണ്. മാലിന്യമുക്തവും ഹരിതാഭവുമായ നാടിനായുള്ള ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, ത്രിതല പഞ്ചായത്ത് എന്നിവരുടെ കൂട്ടായ പ്രവർത്തനങ്ങളാണ് ഇവിടെ ലക്ഷ്യം കാണുന്നത്.