മരിക്കുവോളം മത്സരിക്കുന്നത് കോൺഗ്രസിലും ലീഗിലും: എ. വിജയരാഘവൻ
തൃശൂർ: മരിക്കുവോളം മത്സരിക്കുകയാണ് കോൺഗ്രസിലെയും, ലീഗിലെയും രീതിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായുള്ള ഗൃഹസമ്പർക്ക പരിപാടിക്കിടയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒരാൾ ഒരു തവണ ജയിച്ചാൽ പിന്നെ തുടർച്ചയായി മത്സരിക്കും. 25 വർഷം, 50 വർഷം അതാണ് സ്ഥിതി. ഒന്നുകിൽ മരിച്ചിട്ട് പിരിയുക, അല്ലെങ്കിൽ തോറ്റിട്ട് പിരിയുക . ഇപ്പോൾ മക്കളെയും ഇറക്കി പിന്തുടർച്ചയുണ്ടാക്കുന്നു.
മുസ്ലീം ലീഗിന് കീഴടങ്ങി കോൺഗ്രസ് ദുർബലമായി. ലീഗിന്റെ അധികാര മോഹത്തിന് കോൺഗ്രസ് കുട ചൂടുകയാണ്. മതരാഷ്ട്രീയമുയർത്തി ബി.ജെ.പിയും നിലയുറപ്പിക്കുന്നു. അടിസ്ഥാന വിഭാഗത്തിന്റെ പ്രശ്‌നങ്ങൾക്കൊപ്പം പുതുതലമുറയുടെ സ്വപ്‌നങ്ങൾക്കും പരിഹാരം കാണണം. 50 വർഷം മുമ്പുള്ള കേരളം കണ്ടുകൊണ്ട് വികസനം രൂപപ്പെടുത്താനാവില്ല. . പാർട്ടി ഓഫീസിന്റെയും ഭരണ നിർവഹണ സംവിധാനത്തിന്റെയും നാല് ചുവരുകൾക്കുള്ളിലിരുന്ന് ഇത് മനസിലാക്കാനാവില്ല. കൂടുതൽ ജനവിഭാഗങ്ങളുടെ അഭിപ്രായം കേൾക്കലാണ് ഗൃഹസന്ദർശനം ലക്ഷ്യമിടുന്നത്.
സി.പി.എം ജനങ്ങളുടെ പാർട്ടിയാണ്. അഴിമതിയാരോപങ്ങളേക്കാൾ ജനങ്ങൾ വികസനത്തിനാണ് പ്രാധാന്യം നൽകുന്നത്. മാദ്ധ്യമങ്ങളും പ്രതിപക്ഷവും എൽ.ഡി.എഫ് സർക്കാരിനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. ചില ആരോപണങ്ങളുടെ വാർഷികം ആഘോഷിക്കാറായി. രാഷ്ട്രീയ വിമർശനങ്ങളാവാം. മതവിദ്വേഷമുണ്ടാക്കും വിധം ആക്ഷേപമുയർത്തുന്നത് ആപത്കരമാണെന്നും അദ്ദേഹം പറഞ്ഞു.