പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം: കുറ്റപത്രം ഡി.ഐ.ജിയുടെ അനുമതിയോടെ

Monday 25 January 2021 1:44 AM IST

തിരുവനന്തപുരം: പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമ കേസുകളിൽ കുറ്റപത്രം നൽകുന്നത് ഡി.ഐ.ജിയുടെ സൂക്ഷ്മപരിശോധനയ്ക്കും അനുമതിക്കും ശേഷം മതിയെന്ന് ഡി.ജി.പിയുടെ നിർദ്ദേശം. നിലവിൽ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതാണ് രീതി. എസ്.പിമാരുടെ പരിശോധനയ്ക്ക് ശേഷം റേഞ്ച് ഡി.ഐ.ജിക്ക് കുറ്റപത്രം കൈമാറും. കു​റ്റപത്രത്തിൽ അപാകതയുണ്ടെങ്കിൽ അതു പരിഹരിച്ച ശേഷമേ കോടതിയിൽ സമർപ്പിക്കൂ. പോക്സോ കേസുകളിലും സമാനരീതിയാണുള്ളത്.

പട്ടികവിഭാഗങ്ങൾക്കെതിരായ കേസുകളുടെ അവലോകനം അഡി.എസ്.പിയുടെ നേതൃത്വത്തിൽ നടത്തി റിപ്പോർട്ട് എസ്.പിക്ക് കൈമാറണം. 60 ദിവസത്തിനുള്ളിൽ കു​റ്റപത്രം സമർപ്പിക്കണം.

അതിക്രമങ്ങൾ പട്ടികജാതി, പട്ടികവർഗ അതിക്രമ (നിരോധന) നിയമത്തിനു കീഴിൽ വരുന്നതാണ് എന്നു പ്രഥമദൃഷ്ട്യാ ബോദ്ധ്യമായാൽ കേസ് രജിസ്​റ്റർ ചെയ്യണം.

പരാതിക്കാർക്ക് ലഭിക്കുന്ന പ്രത്യേക ആനുകൂല്യങ്ങളെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ അവരെ അറിയിക്കണം. പരാതിക്കാർക്കാവശ്യമായ നിയമസഹായത്തിന് ലീഗൽ സർവീസസ് അതോറി​ട്ടിയുടെ സഹായം തേടാം. സ്ഥലമഹസർ തയാറാക്കൽ, തെളിവു ശേഖരണം എന്നിവയ്ക്ക് ഫോറൻസിക് വിദഗ്ദ്ധന്റെ സാന്നിധ്യം ഉറപ്പാക്കണമെന്നും ഡി.ജി.പി നിർദ്ദേശിച്ചു.