'തുരങ്കം പൂർത്തിയാക്കാൻ പദ്ധതിയുണ്ടോ? പൊതുജനം പൊറുതിമുട്ടുകയാണ്'; കുതിരാൻ പാത വിഷയത്തിൽ ദേശീയപാത അതോറി‌റ്റിയുടെ രൂക്ഷ വിമർശനം

Monday 25 January 2021 4:37 PM IST

തൃശൂർ: കുതിരാനിലെ തുരങ്കപാത നിർമ്മാണം പൂർത്തിയാക്കി തുറന്നുകൊടുക്കുന്നതിലെ അനിശ്ചിതത്വത്തിൽ ദേശീയപാത അതോറി‌റ്റിയ്‌ക്ക് ഹൈക്കോടതിയുടെ രൂക്ഷമായ വിമർശനം. തുരങ്ക പാത പൂർത്തിയാക്കാൻ പദ്ധതിയുണ്ടോയെന്നും പൊതുജനങ്ങൾ ബുദ്ധിമുട്ടുകയാണെന്നും കോടതി അറിയിച്ചു. ജനുവരി 27നകം തുരങ്കപാതയിൽ എന്തെല്ലാമാണ് ചെയ്യുന്നതെന്ന് വിശദീകരണം നൽകാൻ ദേശീയപാത അതോറി‌റ്റിയ്‌ക്ക് കോടതി നിർദ്ദേശം നൽകി.

എന്നാൽ തുരങ്കം നിർമ്മാണം ഏ‌റ്റെടുത്ത കമ്പനിയുമായി തർക്കങ്ങളുള‌ളതുകൊണ്ട് നിർമ്മാണം നിലച്ചിരിക്കുകയാണെന്നും രാഷ്‌ട്രീയ പാർട്ടികളുടെ സമരങ്ങളും നിർമ്മാണം വൈകാൻ കാരണമായെന്ന് ദേശീയപാത അതോ‌റി‌റ്റി കോടതിയെ അറിയിച്ചു. കുതിരാനിലെ ഒരു ഭാഗത്തേക്കുള‌ള തുരങ്കപാതയെങ്കിലും തുറക്കണമെന്നും തുരങ്കപാത നിർമ്മാണത്തിലെ അപാകതകൾ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ചീഫ് വിപ്പ് കെ.രാജൻ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ദേശീയപാത അതോ‌റി‌റ്റിയെ വിമർശിച്ചത്.

ദേശീയപാതയിലെ മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാത പുനർനിർമാണത്തിൽ വരുന്നതാണ് ഒരു കിലോമീ‌റ്റർ നീളം വരുന്ന രണ്ട് തുരങ്കങ്ങൾ. ആകെ 28.5 കിലോമീ‌റ്റർ ദൈർഘ്യമുള‌ള പാത നിർമ്മാണ കരാർ ഒപ്പിട്ടത് 2009ലായിരുന്നു. നിരന്തരം അപകടങ്ങളും ട്രാഫിക് കുരുക്കും മൂലം ജനം ബുദ്ധിമുട്ട് അനുഭവിക്കുന്ന മേഖലയാണ് കുതിരാൻ.