അങ്കണവാടികളിൽ മിൽമ ഡിലൈറ്റ് വിതരണം

Tuesday 26 January 2021 12:25 AM IST
അങ്കണവാടി പ്രീ സ്കൂൾ കുട്ടികൾക്കുള്ള പോഷകാഹാര മിൽക്ക് പാനീയത്തിന്റെ ബ്ലോക്ക് പഞ്ചായത്ത് തല വിതരണോദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിക്കുന്നു

കുറുപ്പംപടി : കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്‌, കൂവപ്പടി ഐ.സി.ഡി.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അങ്കണവാടി പ്രീ സ്കൂൾ കുട്ടികൾക്കുള്ള പോഷകാഹാര മിൽക്ക് പാനീയത്തിന്റെ ബ്ലോക്ക് പഞ്ചായത്ത് തല വിതരണോദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. വളയൻ ചിറങ്ങര അങ്കണവാടിയിൽ വെച്ച് നടന്ന ചടങ്ങിൽ ബ്ലോക്ക്പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേസിൽ പോൾ അദ്ധ്യക്ഷത വഹിച്ചു.

സമ്പുഷ്ട കേരളം പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പുമായി സഹകരിച്ച് അങ്കണവാടി കുട്ടികൾക്കായി മിൽമ തയ്യാറാക്കുന്ന പോഷക പാനീയമാണ് മിൽമ മിൽക്ക് ഡിലൈറ്റ്. അത്യാധുനികമായ അൾട്രാ ഹൈ ടെമ്പറേച്ചർ സാങ്കേതിക വിദ്യയിലൂടെ ഉയർന്ന ഊഷ്മാവിൽ അണുവിമുക്തമാക്കിയ പാൽ വിറ്റാമിൻ എ, ഡി എന്നിവയാൽ സമ്പുഷ്‌ടീകരിച്ച് പഞ്ചസാരയും പ്രകൃതിദത്ത രുചിയും ചേർത്താണ് തയ്യാറാക്കുന്നത്. ഇതിൽ കൃത്രിമ ചേരുവകളോ യാതൊരു പ്രിസർവേറ്റിവുകളോ ചേർക്കുന്നില്ല.

ചടങ്ങിൽ രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി അജയകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ അനു അബീഷ്, സി.ജെ ബാബു, ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ എ.ടി അജിത് കുമാർ, അംബിക മുരളീധരൻ രാജേഷ് എം.കെ, ബീന ഗോപിനാഥ്, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ജോയി പൂണേലി, ടിൻസി ബാബു, ശ്രീനി എന്നിവർ സംസാരിച്ചു.