ബി.എസ്.എൻ.എൽ ലയനം കേന്ദ്രം ഉപേക്ഷിച്ചേക്കും
എം.ടി.എൻ.എല്ലുമായുള്ള ലയനം പ്രായോഗികമല്ലെന്ന് വിലയിരുത്തൽ
ന്യൂഡൽഹി: പൊതുമേഖലാ ടെലികോം കമ്പനികളായ ബി.എസ്.എൻ.എല്ലും എം.ടി.എൻ.എല്ലുമായുള്ള ലയനം കേന്ദ്രസർക്കാർ ഉപേക്ഷിച്ചേക്കും. ഇരു കമ്പനികളും തമ്മിലെ ലയനം പ്രായോഗികമോ ലാഭകരമോ അല്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് നയിച്ച മന്ത്രിതല സമിതിയോഗം വിലയിരുത്തിയെന്നും ലയനം ഉപേക്ഷിക്കുന്നത് സംബന്ധിച്ച അന്തിമതീരുമാനം കേന്ദ്ര കാബിനറ്റ് ഉടൻ ചേർന്നെടുക്കുമെന്നും ഒരു ദേശീയ മാദ്ധ്യമമാണ് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്‌തത്.
ടെലികോം മന്ത്രി രവിശങ്കർ പ്രസാദ്, ധനമന്ത്രി നിർമ്മല സീതാരാമൻ, വാണിജ്യമന്ത്രി പീയുഷ് ഗോയൽ, ആഭ്യന്തരമന്ത്രി അമിത് ഷാ, പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ എന്നിവരാണ് മന്ത്രിതല സമിതിയിലെ മറ്റംഗങ്ങൾ. എം.ടി.എൻ.എല്ലുമായുള്ള ലയനം ബി.എസ്.എൻ.എല്ലിന്റെ മൂല്യത്തകർച്ചയ്ക്ക് ഇടയാക്കുമെന്ന വിലയിരുത്തലും സമിതിക്കുണ്ട്. കേന്ദ്രസർക്കാർ ഔദ്യോഗികമായി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
ലയനവഴികൾ
നഷ്‌ടം കൂടുന്ന പശ്ചാത്തലത്തിലാണ് 2019 ഒക്‌ടോബറിൽ ബി.എസ്.എൻ.എൽ-എം.ടി.എൻ.എൽ ലയനം കേന്ദ്രം പ്രഖ്യാപിച്ചത്. എം.ടി.എൻ.എല്ലിനെ ബി.എസ്.എൻ.എല്ലിൽ ലയിപ്പിക്കാനായിരുന്നു നീക്കം. ഇതിനായി കുറഞ്ഞനിരക്കിൽ ബി.എസ്.എൻ.എല്ലിന് 4ജി സ്‌പെക്‌ട്രം ലഭ്യമാക്കുന്നത് ഉൾപ്പെടെ 70,000 കോടി രൂപയുടെ പാക്കേജും പ്രഖ്യാപിച്ചിരുന്നു.