അപകീർത്തി കേസിൽ അനിൽ അക്കര ഹാജരാകണം

Tuesday 26 January 2021 12:00 AM IST

തൃശൂർ : വടക്കാഞ്ചേരിയിൽ ഭവനരഹിതർക്ക് യു.എ.ഇ റെഡ് ക്രസന്റ് സൗജന്യമായി നിർമ്മിച്ചുനൽകുന്ന ഫ്‌ളാറ്റിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് മന്ത്രി എ.സി മൊയ്തീനെതിരെ അപകീർത്തിപരമായ പ്രചാരണം നടത്തിയെന്ന ഹർജിയിൽ അനിൽ അക്കര എം.എൽ.എയോട് മാർച്ച് 23ന് ഹാജരാകാൻ തൃശൂർ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് പി.ടി പ്രകാശൻ ഉത്തരവിട്ടു. സമൻസ് അയയ്ക്കാനും ഉത്തരവായി. അപകീർത്തിപരമായ പരാമർശം പ്രക്ഷേപണം ചെയ്ത ചാനൽ പ്രവർത്തകരും കോടതിയിൽ ഹാജരാവണം. എം.എൽ.എ ചാനൽ വഴിയും പത്രം വഴിയും നടത്തിയ പ്രചാരണങ്ങൾ തനിക്ക് അപകീർത്തിയും മാനഹാനിയും വരുത്തിയെന്ന് എ.സി. മൊയ്തീൻ നൽകിയ പരാതിയിലാണ് കേസെടുത്തത്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തൃശൂർ സബ് കോടതിയിൽ വേറെ വ്യവഹാരവും നിലവിലുണ്ട്.