ബോർഡ് എല്ലാ കാര്യങ്ങളും അറിയിച്ചില്ലെന്ന് ദേവസ്വംഫ്രണ്ട്
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കോടതിയെ ധരിപ്പിക്കേണ്ട എല്ലാ കാര്യങ്ങളും ദേവസ്വംബോർഡ് അറിയിച്ചിട്ടില്ലെന്ന് കാട്ടി ബോർഡ് ജീവനക്കാരുടെ സംഘടനയായ തിരുവിതാംകൂർ ദേവസ്വം എംപ്ളോയിസ് ഫ്രണ്ട് സുപ്രിംകോടതിയിൽ ഹിയറിംഗ് നോട്ട് നൽകി. ദേവസ്വം ചട്ടങ്ങളിലെ 1965 ലെ റൂൾ അഞ്ച് മാറ്രിയതോടെയാണ് ആരാധനാലയങ്ങളിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഇല്ലാതാവുന്നതെന്ന് എംപ്ലോയിസ് ഫ്രണ്ട് പ്രസിഡന്റ് ബി.ബൈജു പറഞ്ഞു. ബോർഡിലെ വനിതാജീവനക്കാർക്ക് ആർത്തവ ദിവസങ്ങളിൽ ശമ്പളത്തോടെ അഞ്ചു ദിവസത്തെ അവധി അനുവദിക്കാറുണ്ട്. ആചാരങ്ങൾ നിലനിൽക്കുന്നു എന്നതിന്റെ തെളിവാണിത്. ചെങ്ങന്നൂർ ക്ഷേത്രത്തിലെ തൃപ്പൂത്ത് ചടങ്ങും ഇത്തരത്തിലുള്ള ആചാരത്തിന്റെ ഭാഗമാണ്. എന്നാൽ ദേവസ്വംബോർഡ് സുപ്രീംകോടതിയിൽ ഇക്കാര്യം ധരിപ്പിച്ചിട്ടില്ലാത്തതിനാലാണ് തങ്ങൾ ഹിയറിംഗ് നോട്ടിൽ ഇത് വ്യക്തമാക്കുന്നത്. രഞ്ജിത്ത് ബി. മാരാറാണ് സംഘടനയ്ക്ക് വേണ്ടി ഹാജരാവുന്നത്.