30 സീറ്റിൽ നോട്ടമിട്ട് മുസ്ളിംലീഗ്

Wednesday 27 January 2021 10:29 PM IST

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യത്തിലുറച്ച് മുസ്ളിംലീഗ്. എൽ.ജെ.ഡിയും കേരള കോൺഗ്രസ് -മാണിയും വിട്ടുപോയ സീറ്റുകളിലെ വിജയസാദ്ധ്യത ചൂണ്ടിക്കാട്ടിയാണിത്.യു.ഡി.എഫ് തിരഞ്ഞെടുപ്പ് മേൽനോട്ടസമിതി ചെയർമാനായി ചുമതലയേറ്റ ശേഷം ആദ്യമായി ഇന്നലെ പാണക്കാട്ടെത്തിയ ഉമ്മൻചാണ്ടിയോടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും ലീഗ് നേതൃത്വം ഇക്കാര്യമുന്നയിച്ചിട്ടുണ്ട്. ഇടതു തരംഗത്തിലും തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയവും നേതൃത്വം ചൂണ്ടിക്കാട്ടി. വയനാട് ലോക്‌സഭ മണ്ഡലത്തിലെ വിവിധ പരിപാടികൾക്കായി ഇന്നലെ മലപ്പുറത്തെത്തിയ രാഹുൽഗാന്ധിയുമായുള്ള ചർച്ചയ്ക്ക് മുന്നോടിയായാണ് കോൺഗ്രസ് നേതൃത്വം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും കണ്ടത്.

നിലവിലെ 24 സീറ്റുകൾ മുപ്പതാക്കി ഉയർത്തുകയാണ് ലീഗ് നേതൃത്വത്തിന്റെ ലക്ഷ്യം. കോൺഗ്രസിനെ ലീഗ് ഹൈജാക്ക് ചെയ്യുന്നുവെന്ന ആക്ഷേപമുയർന്നതോടെ, തെക്കൻ ജില്ലകളിൽ കടുംപിടിത്തം വേണ്ടെന്നാണ് നിലപാട്. കണ്ണൂരിൽ എൽ.ജെ.ഡി മത്സരിച്ച കൂത്തുപറമ്പും കേരള കോൺഗ്രസിന്റെ തളിപ്പറമ്പുമാണ് ആവശ്യപ്പെട്ടത്. തളിപ്പറമ്പ് ലഭിച്ചേക്കും. കോഴിക്കോട്ട് അഞ്ചിടത്ത് മത്സരിക്കുന്ന ലീഗ്, രണ്ടു സീറ്റുകൾ കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. എൽ.ജെ.ഡിയുടെ വടകരയും കേരള കോൺഗ്രസിന്റെ പേരാമ്പ്രയും. കോൺഗ്രസിന്റെ ബേപ്പൂരിലും ലീഗിന് കണ്ണുണ്ട്. വടകരയിൽ ആർ.എം.പിയെ മത്സരിപ്പിക്കാനും ആലോചനയുണ്ട്. പാലക്കാട്ട് കോൺഗ്രസിന്റെ ഒറ്റപ്പാലവും പട്ടാമ്പിയും ആവശ്യപ്പെട്ടിട്ടുണ്ട്. എൽ.ജെ.ഡി മത്സരിച്ച വയനാട്ടിലെ കൽപ്പറ്റ സീറ്റിൽ ഉറച്ചുനിൽക്കും.

8 എം.എൽ.എമാർ കളത്തിന് പുറത്ത് ലീഗിലെ എട്ട് സിറ്റിംഗ് എം.എൽ.എമാർ മത്സരിച്ചേക്കില്ല. വിവാദങ്ങളിലകപ്പെട്ട എം.സി. ഖമറുദ്ദീനെയും ഇബ്രാഹിംകുഞ്ഞിനെയും തഴയും. മഞ്ചേരിയിൽ നിന്നുള്ള എം.ഉമ്മർ, മലപ്പുറത്തെ പി.ഉബൈദുള്ള, തിരൂരിലെ സി.മമ്മുട്ടി, മങ്കടയിലെ ടി.എ.അഹമ്മദ് കബീർ, വേങ്ങരയിലെ കെ.എൻ.എ ഖാദർ,​ തിരൂരങ്ങാടിയിലെ പി.കെ.അബ്ദുറബ്ബ് എന്നിവർ മത്സരിച്ചേക്കില്ല. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദും​ പി.വി.അബ്ദുൾ വഹാബും മത്സരിച്ചേക്കും.

മൂന്ന് സുരക്ഷിത സീറ്റുകളെന്ന ആവശ്യമാണ് യൂത്ത് ലീഗിന്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡ‌ന്റ് പി.കെ.ഫിറോസ് മത്സരിച്ചേക്കും. ഉറച്ച സീറ്റിൽ വനിതാ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്ന ആവശ്യവും പരിഗണനയിലുണ്ട്. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിലയ്ക്കും വനിതാലീഗ് ദേശീയ സെക്രട്ടറി നൂർബീന റഷീദിനുമാണ് മുൻഗണന. വേങ്ങരയിലോ മലപ്പുറത്തോ പി.കെ.കുഞ്ഞാലിക്കുട്ടി മത്സരിക്കും.