അഭിഭാഷകന്റെ ആരോപണം, ജഡ്‌ജിയുടെ ബോയ്കോട്ട്
Thursday 28 January 2021 2:13 AM IST
തിരുവനന്തപുരം: കോടതി നടപടികൾക്കിടെ കുടുംബ കോടതി ജഡ്ജിക്കെതിരെ അഭിഭാഷകന്റെ കൈക്കൂലി ആരോപണം. ഇന്നലെ രാവിലെ കോടതി നടപടികൾ ആരംഭിച്ച് അരമണിക്കൂറിനിടെയാണ്, കേസുകൾ വേഗം പരിഗണിക്കാൻ ജഡ്‌ജി കൈക്കൂലി വാങ്ങുന്നുവെന്ന് അഭിഭാഷകൻ ആരോപണമുന്നയിച്ചത്. ജഡ്ജി ഉടൻ കോടതി നടപടികൾ നിറുത്തിവച്ച് ഇറങ്ങിപ്പോയി.
ബാർ അസോസിയേഷൻ ഭാരവാഹികളുടെ അനുനയശ്രമത്തിനു ശേഷമാണ് പ്രശ്നം പരിഹരിച്ചത്. രാവിലെ 11.30 മണിക്ക് ഇറങ്ങിപ്പോയ ജഡ്‌ജി ഉച്ചയ്ക്ക് 1.30 വരെയുള്ള കോടതി നടപടികളിൽനിന്ന് വിട്ടുനിന്നു. പിന്നീട് ഉച്ചയ്ക്കുശേഷമുള്ള വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത ശേഷമാണ് കേസുകൾ പരിഗണിക്കാൻ തയ്യാറായത്.
അതേസമയം, ആവശ്യത്തിന് ജീവനക്കാരില്ലാത്തതും കേസുകളുടെ ബാഹുല്യവും കാരണമാണ് പലപ്പോഴും അത്യാവശ്യ കേസുകൾ പോലും വിളിക്കാനാകാത്തതെന്ന് കോടതി ജീവനക്കാർ പറയുന്നു.