എനിക്ക് എട്ട് വയസുള്ളപ്പോൾ പണി തുടങ്ങിയ ഒരു പ്രോജക്ട് ആണിത്, ഇപ്പോൾ വയസ് നാൽപ്പത്തിയെട്ട്; മുഖ്യമന്ത്രിയുടെ കുറിപ്പിന് ഐടി വിദഗ്ദ്ധന്റെ കമന്റ്

Thursday 28 January 2021 11:25 AM IST

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് കൊച്ചി സ്വദേശിയായ ഐടി വിദഗ്ദ്ധൻ നൽകിയ കമന്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബൈപ്പാസ് നിർമാണത്തിനെടുത്ത കാലതാമസത്തെക്കുറിച്ച് ഓർമപ്പെടുത്തിക്കൊണ്ടുള്ളതാണ് അദ്ദേഹത്തിന്റെ കമന്റ്.

'എനിക്ക് എട്ട് വയസുള്ള സമയത്ത് സ്ഥലം ഏറ്റെടുത്ത് പണി തുടങ്ങിയ ഒരു പ്രോജക്ട് ആണിത്. എറണാകുളത്ത് നിന്ന് പുറക്കാട് ഉള്ള ബാപ്പയുടെ ഉമ്മയുടെ വീട്ടിലേക്കുള്ള യാത്രയിൽ എന്നും ഓർക്കും ഈ പ്രോജക്ട് ഇങ്ങിനെ നീണ്ടുപോകുന്നത് എന്തുകൊണ്ട് ആണെന്ന്.എനിക്ക് നാല്പത്തി എട്ടു വയസായ ഇക്കൊല്ലം എങ്കിലും ഈ പ്രോജക്ട് തീർന്നു കാണുന്നതിൽ സന്തോഷം'- എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ദശാബ്ദങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം ആലപ്പുഴ ജില്ലയ്ക്കാകെ അഭിമാനം പകർന്നു കൊണ്ട് ബൈപ്പാസ് നാളെ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. 348 കോടി രൂപ ചെലവിലാണ് ആലപ്പുഴ ബൈപ്പാസ് യാഥാർത്ഥ്യമാക്കിയിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 174 കോടി രൂപ വീതം ചെലവഴിച്ചു നിർമിച്ച ബൈപ്പാസിന്റെ നിർമാണം പൂർണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിർവ്വഹിച്ചത്. റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ, കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി എന്നിവയാണ് ബൈപ്പാസ് യാഥാർത്ഥ്യമാക്കുന്നതിന് അൽപ്പം കാലതാമസം വരുത്തിയത്.


ബൈപ്പാസ് നിർമാണത്തിനുള്ള വിഹിതം നൽകിയതിനു പുറമേ മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട് റെയിൽവേക്ക് കെട്ടിവയ്ക്കാനുള്ള 7 കോടി രൂപ നൽകിയതും സംസ്ഥാന സർക്കാരാണ്.