എ.ആർ ക്യാമ്പിലെ മദ്യസേവ, പൊലീസ് നേതാവടക്കം പിടിയിൽ
തിരുവനന്തപുരം: നന്ദാവനം എ.ആർ ക്യാമ്പ് ബാരക്കിൽ മദ്യപിച്ച പൊലീസ് സംഘടനാ നേതാവിനെയും നാല് പൊലീസുകാരെയും ക്യാമ്പിലെ അസിസ്റ്റന്റ് കമൻഡാന്റ് കൈയോടെ പിടികൂടി. ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹിയും, ക്യാമ്പിലെ കൺസ്യൂമർ സ്റ്റോറിന്റെ ഭാരവാഹിയുമായ നേതാവടങ്ങിയ സംഘമാണ് മദ്യപിച്ചത്.
അസിസ്റ്റന്റ് കമൻഡാന്റ് ജോസഫ് മെസിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ, ഒന്നാം നിലയിലെ ബാരക്കിൽ നിന്ന് ഉച്ചത്തിൽ ശബ്ദവും അട്ടഹാസവും കേട്ടു. തുടർന്ന് അവിടെയെത്തിയ അസിസ്റ്റന്റ് കമൻഡാന്റ് ഗ്ലാസും വെള്ളവും സോഡയുമായി മദ്യപിക്കുന്ന നേതാവിനെയും കൂട്ടാളികളെയുമാണ് കണ്ടത്. ഉടൻ അദ്ദേഹം ഫോണിൽ ചിത്രങ്ങളും വീഡിയോയും പകർത്തി. തുടർന്ന് ഗ്ലാസുകളും മദ്യക്കുപ്പിയും പിടിച്ചെടുത്ത ശേഷം അഞ്ചുപേരെയും ഓഫീസിലെത്തിച്ചു.
ഇവർ ഡ്യൂട്ടിയിലാണെന്ന് മനസിലാക്കിയ ജോസഫ് കർശന നടപടിയെടുക്കാൻ നിർദ്ദേശിച്ചു. പിന്നാലെ പൊലീസ് സംഘടനാ നേതാക്കൾ ഇടപെട്ട്, സിറ്രി പൊലീസ് കമ്മിഷണർ അറിയാതെ സംഭവം ഒതുക്കിത്തീർക്കാനും അസി.കമൻഡാന്റിനെ സ്ഥലംമാറ്റാനും നീക്കംതുടങ്ങി. ബാരക്കിൽ ഇവരുടെ മദ്യസേവ പതിവാണെന്ന് പൊലീസുകാരും പറയുന്നു. ഇവർ മദ്യപിച്ച് മെസിലെത്തി ബഹളമുണ്ടാക്കുന്നതും പണം നൽകാതെ ഭക്ഷണം കഴിക്കുന്നതും പതിവാണെന്നും പരാതിയുണ്ട്.