തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവങ്ങളിൽ എഴുന്നെള്ളിക്കാൻ അനുമതി, ഉപാധികൾ ഇങ്ങനെ
തൃശൂർ: കേരളത്തിലെ ഏറ്റവും ഉയരമുള്ള ആനകളിലൊന്നായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉപാധികളോടെ ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് കൊണ്ടു പോകാൻ അനുമതി നൽകി. തൃശൂർ, പാലക്കാട് ജില്ലകളിൽ മാത്രമാണ് എഴുന്നള്ളിപ്പ് നടത്താൻ അനുമതിയുള്ളത്.
ആഴ്ചയിൽ രണ്ട് തവണ മാത്രമേ എഴുന്നള്ളിപ്പിന് കൊണ്ടു പോകാൻ പാടുള്ളൂ. എഴുന്നള്ളിപ്പിന് കൊണ്ടു പോകമ്പോൾ നാല് പാപ്പാൻമാർ ആനയ്‌ക്കൊപ്പം വേണമെന്നും നാട്ടാന നിരീക്ഷണ സമിതി നിർദേശിച്ചിട്ടുണ്ട്. ആനയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കർശന ഉപാധികളോടെ അനുമതി നൽകിയിരിക്കുന്നത്. ഏതെങ്കിലും തരത്തിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയാൽ പൂർണ ഉത്തരവാദിത്വം ഉടമസ്ഥരായ തെച്ചിക്കോട്ടുകാവ് ദേവസ്വത്തിനായിരിക്കും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യനില പരിശോധിച്ച് വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ജില്ലാഭരണകൂടം അനുമതി നല്‍കിയത്.