തിരിച്ചുനൽകാൻ പണമില്ലാതെ പദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി

Sunday 14 February 2021 12:10 AM IST

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് ചെലവഴിച്ച 11.7 കോടി രൂപ ഉടൻ തിരിച്ചു നൽകാൻ കഴിയില്ലെന്ന് ഭരണ സമിതി വ്യക്തമാക്കിയ പശ്ചാത്തലത്തിൽ സമന്വയത്തിന്റെ പാതയിലാണ് സർക്കാർ.

2012 മുതൽ 2019വരെ സുരക്ഷയ്ക്കും മറ്രുമായി സർക്കാർ ചെലവഴിച്ച 11.7 കോടി രൂപ തിരിച്ചു നൽകണമെന്നാണ് വിധി.

കൊവിഡിന്റെ പശ്ചാത്തലത്തിൽ വരുമാനം കുത്തനെ കുറഞ്ഞതോടെ

ഭരണസമിതി പ്രതിസന്ധി ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. സെപ്തംബറിലേ കോടതി പരിഗണിക്കൂ. കഴിഞ്ഞ ജൂലായിൽ വിധി വന്നപ്പോൾത്തന്നെ സാവധാനമേ നടപടി സ്വീകരിക്കൂ എന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കിയിരുന്നു. ഭരണസമിതിയും സർക്കാരും ചേർന്ന് തീരുമാനമെടുക്കാനാണ് കോടതി നിർദേശിച്ചിരുന്നത്.

കൊവിഡിന് മുമ്പ് പ്രതിമാസം ഒന്നരക്കോടിയോളം വരുമാനമുണ്ടായിരുന്നു. കൊവിഡ് വന്നതോടെ നിത്യചെലവുകൾക്കുള്ള തുക പോലും സ്ഥിരനിക്ഷേപത്തിൽ നിന്നെടുത്താണ് നൽകിയത്.

ജീവനക്കാർക്ക് ശമ്പളം നൽകാൻ ഒരു കോടിയോളം രൂപ വേണം. മറ്റു ചെലവുകൾക്ക് 15 ലക്ഷം വേണ്ടിവരും. നിത്യപൂജയ്ക്ക് മാത്രം മാസം മുപ്പതുലക്ഷം വേണം. ഇതിനു പുറമേയാണ് പെൻഷൻ നൽകേണ്ടിവരുന്നത്. സുപ്രീംകോടതി നിർദ്ദേശ പ്രകാരം ശ്രീകോവിലിലും മറ്രും നിർമ്മാണങ്ങൾക്കായി എട്ട് കോടിയും മറ്റ് നിർമ്മാണങ്ങൾക്ക് അരക്കോടിയും ചെലവിട്ടു. പണി പൂർത്തിയായിട്ടില്ല.

സർക്കാരിന് കൊടുക്കാൻ

ഡിജിറ്രൽ ആർക്കൈവിംഗ് : 6 കോടിയിലേറെ

വിദഗ്ദ്ധ സമിതി ചെലവ് : 1. 7 കോടി

നിലവറ ശക്തിപ്പെടുത്തൽ : 1.22 കോടി

പദ്മതീർത്ഥം നവീകരണം : ഒരു കോടി

മിത്രാനന്ദപുരം കുളം നവീകരണം: ഒരു കോടി

കേന്ദ്ര ഓഡിറ്ര് : 48 ലക്ഷം

ആകെ : 11. 7 കോടി