ഇന്ന് പ്രത്യേക കാബിനറ്റ്: കൂടുതൽ തസ്തികകളിൽ സ്ഥിരപ്പെടുത്തൽ

Monday 15 February 2021 12:04 AM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നിരിക്കെ , ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. നേരത്തേ നടത്തിയതിന്റെ തുടർച്ചയായി കൂടുതൽ താത്കാലിക തസ്തികകളിലേക്കുള്ള സ്ഥിരപ്പെടുത്തൽ തീരുമാനമാവും പ്രധാന അജൻഡകളിലൊന്ന്. ഇതിനുള്ള ഫയലുകളെത്തിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

താത്കാലിക തസ്തിക സ്ഥിരപ്പെടുത്തലിനുള്ള ശുപാർശ സമർപ്പിക്കാൻ ബന്ധപ്പെട്ട സെക്രട്ടറിമാർക്കും ഉദ്യോഗസ്ഥ മേധാവികൾക്കും ചീഫ് സെക്രട്ടറി സർക്കുലർ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, അവധിയായിരുന്നിട്ടും ശനിയാഴ്ചയും ഞയറാഴ്ചയും സെക്രട്ടേറിയറ്റിലെ പ്രധാന ഓഫീസുകൾ പ്രവർത്തിച്ചിരുന്നു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിനിധികൾ രാഷ്ട്രീയ പാർട്ടി നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം ഇന്നലെ വൈകിട്ട് ഡൽഹിക്ക് മടങ്ങി. അവരുടെ റിപ്പോർട്ട് ലഭിച്ചാലുടൻ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കും. അതിന് മുമ്പായി പരമാവധി താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യം. വനംവകുപ്പ്, കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്, കേരഫെഡ്, സ്കോൾ കേരള, വനിതാ വികസന കോർപ്പറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നെല്ലാം സ്ഥിരപ്പെടുത്തൽ ശുപാർശകൾ ചീഫ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ടെന്നാണ് അറിയുന്നത്.