സാമ്പത്തിക പ്രതിസന്ധി: സർക്കാരിനോട് 100 കോടി തേടി ദേവസ്വം ബോർഡ്
തിരുവനന്തപുരം: കൊവിഡിൽ ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിലെ വരുമാനം കുത്തനെ കുറഞ്ഞതോടെ, തിരുവിതാംകൂർ ദേവസ്വംബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ഇത് മറികടക്കാൻ സർക്കാരിനോട് 100 കോടിയുടെ അടിയന്തര സഹായം തേടി.
മുൻകാലങ്ങളെ അപേക്ഷിച്ച് ശബരിമലയിൽ നിന്നു മാത്രം 400 കോടിയുടെ വരുമാന നഷ്ടമാണ് കഴിഞ്ഞ വർഷം നേരിട്ടത്. മാസപൂജയ്ക്ക് ഭക്തർക്ക് പ്രവേശനമില്ല. ഭക്തർ ധാരാളമായെത്തുന്ന വിഷു, ഓണം ഉത്സവങ്ങളിലും നിയന്ത്രണമായിരുന്നു. ശബരിമലയിൽ നിന്നുള്ള വരുമാനത്തിന്റെ ബലത്തിലാണ് ബോർഡ് പിടിച്ചു നിൽക്കുന്നത്. പുറമെ മലയാലപ്പുഴ, ഏറ്റുമാനൂർ, വൈക്കം, കൊട്ടാരക്കര, ചെട്ടികുളങ്ങര, ശ്രീകണ്ഠേശ്വരം തുടങ്ങി 50 ഓളം ക്ഷേത്രങ്ങളിൽ നിന്നാണ് മിച്ച വരുമാനമുള്ളത്. വരുമാനക്കുറവുള്ള മറ്റു ക്ഷേത്രങ്ങളിലെ നിത്യനിദാനച്ചെലവുകളും ശമ്പളവും പെൻഷനുമെല്ലാം നൽകുന്നത് ഇതിൽ നിന്നാണ്.
സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന്, 2018 -ൽ ബോർഡിന്റെ വരുമാനം കുത്തനെ കുറഞ്ഞിരുന്നു. എന്നാൽ, 2019 ഡിസംബറിലും 2020 ജനുവരിയിലുമായി വരുമാനം ഗണ്യമായി ഉയർന്നു. 269 കോടിയാണ് ശബരിമലയിൽ നിന്നു മാത്രം ആ വർഷം ലഭിച്ചത്. കൊവിഡെത്തിയതോടെ ക്ഷേത്രങ്ങളെല്ലാം അടഞ്ഞു. 2020 ഡിസംബറിലും 2021 ജനുവരിയിലുമായി ശബരിമലയിൽ നിന്ന് ലഭിച്ചത് വെറും 21 കോടി. 248 കോടിയുടെ നഷ്ടം. മറ്റു ക്ഷേത്രങ്ങളിലും ചിങ്ങം ഒന്നുവരെ ഭക്തർക്ക് പ്രവേശനമില്ലാതിരുന്നതിനാൽ വരുമാനം നാലിലൊന്നായി ചുരുങ്ങി.
ബോർഡിന് കൈത്താങ്ങായി 2019-20 സംസ്ഥാന ബഡ്ജറ്റിൽ 100 കോടിയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. ആദ്യ ഘട്ടമായി 30 കോടി നൽകി. ആറ് മാസം മുമ്പ് ബാക്കി 70 കോടി കൂടി നൽകിയത് ആശ്വാസമായി. എന്നാലിനി, പിടിച്ചു നിൽക്കാനാവാത്ത സ്ഥിതിയാണ്.
ശമ്പളം, പെൻഷൻ 40 കോടി
ഓരോമാസവും ജീവനക്കാരുടെ ശമ്പളത്തിനും പെൻഷനുമായി 40 കോടിയാണ് വേണ്ടത്. ക്ഷേത്രങ്ങളുടെ മറ്റ് ഭരണച്ചെലവുകൾക്ക് 10 കോടിയും വേണം. ക്ഷേത്രങ്ങളിലെ വരുമാനക്കുറവ് തുടർന്നാൽ ശമ്പളവും പെൻഷനുമെല്ലാം മുടങ്ങും. 1250 ക്ഷേത്രങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ളത്.
'മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സർക്കാർ കനിയുമെന്നാണ് പ്രതീക്ഷ'.
-എൻ.വാസു,
പ്രസിഡന്റ്