67 ഡിപ്പോകളിൽ പെട്രോൾ പമ്പുകൾ തുടങ്ങാൻ കെ.എസ്.ആർ.ടി.സി

Monday 15 February 2021 12:07 AM IST

തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ

കെ.എസ്.ആർ.ടി.സിയുടെ 67 ഡിപ്പോകളിൽ പെട്രോൾ, ഡീസൽ പമ്പുകൾ സജ്ജീകരിക്കും. ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കാനാണിത്. ഐ.ഒ.സിയുമായി ഇന്ന് ധാരണാപത്രം ഒപ്പിടും. ഡീലർ കമ്മിഷന് പുറമെ സ്ഥലവാടകയടക്കം എല്ലാ ചെലവും കഴിഞ്ഞ് പ്രതിവർഷം 70 കോടിയോളം രൂപ ലഭിക്കുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ പ്രതീക്ഷ.

വൈകിട്ട് 5ന് മന്ത്രി എ.കെ ശശീന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. മസ്കറ്റ് ഹോട്ടലിൽ കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജുപ്രഭാകറും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചീഫ് ജനറൽ മാനേജർ എസ്. ധനപാണ്ഡ്യനും ധാരണാപത്രം ഒപ്പിടും. ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ അദ്ധ്യക്ഷനായിരിക്കും.

ഡിപ്പോകളിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ 66 പമ്പുകൾക്ക് പുറമെ ആലുവയിലെ റീജിയണൽ വർക്‌ഷോപ്പിലും പമ്പ സ്റ്റാൻഡിലും സംവിധാനം ഒരുക്കും. പമ്പയിൽ വനം വകുപ്പിന്റെയും ദേവസ്വം ബോർഡിന്റെയും അനുമതി തേടും.

പുതിയ സംവിധാനം ഡിപ്പോകൾക്ക് മുന്നിലായി റോഡിനോട് ചേർന്നായിരിക്കും. ഡീസലും പെട്രോളും ലഭ്യമാക്കും.ആധുനിക ഓൺലൈൻ ഫ്യുവൽ മോണിറ്ററിംഗ് സംവിധാനമുള്ള റീട്ടെയിൽ ഔട്ട്ലൈറ്റുകളാണ് സ്ഥാപിക്കുന്നത്.

വർക്ക്ഷോപ്പുകളിൽ അധികംവരുന്ന 600 ഓളം ജീവനക്കാരെ പമ്പുകളിൽ നിയമിക്കും,

പമ്പുകൾക്കായി 30 മുതൽ 40 സെന്റ് വരെ സ്ഥലം പാട്ടമായി ഐ.ഒ.സിക്ക് നൽകും. യാത്രക്കാർക്കായി ഐ.ഒ.സി മികച്ച ടോയ്ലറ്റ് സൗകര്യവും കഫ്റ്റേരിയയും ഒരുക്കും.

തുടക്കം 13 കേന്ദ്രങ്ങളിൽ

ചേർത്തല, മാവേലിക്കര, മൂവാറ്റുപുഴ, അങ്കമാലി, മൂന്നാർ, കണ്ണൂർ, കോഴിക്കോട്, ചാത്തന്നൂർ, ചാലക്കുടി, ഗുരുവായൂർ, തൃശ്ശൂർ, ആറ്റിങ്ങൽ, പെരിന്തൽമണ്ണ