അക്രമസമരത്തിന് യു.ഡി. എഫ് ഗൂഢാലോചന: വിജയരാഘവൻ
കണ്ണൂർ:അക്രമസമരങ്ങൾ അഴിച്ചുവിടാനുള്ള ഗൂഢാലോചനയാണ് യു.ഡി.എഫ് നടത്തുന്നതെന്ന് എൽ.ഡി. എഫ് കൺവീനർ എ.വിജയരാഘവൻ പറഞ്ഞു. എൽ.ഡി. എഫിന്റെ വികസന മുന്നേറ്റ ജാഥയ്ക്ക് തളിപ്പറമ്പ്, ശ്രീകണ്ഠപുരം, മട്ടന്നൂർ, കണ്ണൂർ, തലശേരി എന്നിവിടങ്ങളിൽ നൽകിയ സ്വീകരണ യോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പി.എസ്.സി റാങ്ക് ഹോൾഡേഴ്‌സിനെ മുന്നിൽനിർത്തിയാണ് യു.ഡി.എഫിന്റെ അക്രമനീക്കം. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ ആഭാസങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ നടത്തുന്നതെന്നും കേരളത്തിന്റെ വികസനം തടയുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പി.എസ്.സി വഴി ഏറ്റവും കൂടുതൽ ആളുകളെ നിയമിച്ചത് എൽ.ഡി.എഫ് സർക്കാരാണ്. നിലവിലെ ഒഴിവിലും സാദ്ധ്യതയുള്ള ഒഴിവിലേക്കും നിയമിക്കാം. ഇല്ലാത്തതിൽ നിയമനം നടത്തണമെന്നത് നിയമപരമായി നടക്കാത്ത കാര്യമാണ്. പി.എസ്.സി വഴി നിയമനം നടത്തുന്ന ഒരു തസ്തികയിലും ഈ സർക്കാർ താത്ക്കാലികക്കാരെ നിയമിച്ചിട്ടില്ല. കേന്ദ്ര ഗവൺമെന്റ് നിയമനം നടത്താതിരിക്കുന്നതിൽ ആരും പ്രതിഷേധിക്കുന്നില്ല. ബാങ്കിംഗ് മേഖലയിലും ഇപ്പോൾ നിയമനം നടത്തുന്നില്ല. ഇത് കോൺഗ്രസ് ചോദ്യംചെയ്യുന്നില്ലെന്നും വിജയരാഘവൻ പറഞ്ഞു. കെ.പി. രാജേന്ദ്രൻ, കെ.പി. സഹദേവൻ, കെ.പി. മോഹനൻ, അഡ്വ.പി.സതീദേവി, യു.ബാബുഗോപിനാഥ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.