ലൈഫ് മിഷന്‍ വീടുകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ; ആദ്യ മൂന്നുവര്‍ഷത്തെ പ്രീമിയം സര്‍ക്കാര്‍ അടയ്‌ക്കും

Wednesday 17 February 2021 10:19 PM IST

തിരുവനന്തപുരം: തിരഞ്ഞെടുപ്പടുത്തിരിക്കെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി പിണറായി സർക്കാർ. ലൈഫ് മിഷൻ വീടുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകാനും കെഎസ്ആർടിസി സ്വിഫ്റ്റ് കമ്പനി രൂപീകരിക്കാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സ്ത്രീകൾക്കായി വഴിയോര വിശ്രമ കേന്ദ്രങ്ങൾ ഒരുക്കാനും യോഗംതീരുമാനിച്ചു.

ലൈഫ് മിഷനിൽ നിർമിച്ച ഓരോ വീടിനും നാല് ലക്ഷം രൂപ വരെ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് യുണൈറ്റഡ് ഇൻഷ്വറൻസ് കമ്പനിയുമായി ചേർന്നാണ് ഇത് നടപ്പാക്കുന്നത്. ആദ്യ മൂന്നുവർഷത്തേക്കുള്ള പ്രീമിയം സർക്കാർ അടയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മൂന്നു വർഷത്തിനു ശേഷം ഗുണഭോക്താവിന് നേരിട്ട് ഇൻഷ്വറൻസ് പുതുക്കാം. ലൈഫ് മിഷനിൽ മൂന്നാം ഘട്ടത്തിലേയും അഡീഷണൽ ലിസ്റ്റിലേയും ഗുണഭോക്താക്കൾക്ക് വീട് നിർമിക്കുന്നതിന് ഹഡ്‌കോയിൽ നിന്ന് 1500 കോടി രൂപ വായ്പ എടുക്കുന്നതിന് അനുമതി നൽകാനും തീരുമാനിച്ചു.

കിഫ്ബി വായ്പയിൽ പുതിയ ബസുകൾ നിരത്തിലിറക്കുന്നതിനും ദീർഘദൂര സർവ്വീസുകൾ ഓപ്പറേറ്റ് ചെയ്യുന്നതിനുമായികെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി രൂപീകരിക്കാനും തീരുമാനമായി. കെ.എസ്.ആർ.ടി.സിയുടെ സൗകര്യങ്ങൾ ഉപയോഗിച്ചായിരിക്കും ഇത് പ്രവർത്തിക്കുക. ഹൈക്കോടതി വിധിപ്രകാരം പിരിച്ചുവിടപ്പെട്ട എംപാനൽഡ് ജീവനക്കാരെ പുനരധിവസിപ്പിക്കാൻ കൂടിയാണ് കമ്പനി രൂപീകരിക്കുന്നത്.സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളുടെയും (ബസ്) കോൺട്രാക്ട് കാര്യേജുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂർണമായും ഒഴിവാക്കാനും തീരുമാനിച്ചു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.