പിണറായി വിജയന്റെയും സംഘത്തിന്റെയും മനസിൽ കൃത്യമായ പദ്ധതികളുണ്ടായിരുന്നു; താൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നും സംവിധായകൻ രഞ്ജിത്ത്
തിരുവനന്തപുരം: താൻ തിരഞ്ഞടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന വാർത്തകൾ നിഷേധിച്ച് സംവിധായകൻ രഞ്ജിത്ത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെപ്പറ്റി ഇതുവരെയും ചിന്തിക്കുകയോ ആരെങ്കിലും ഇതിനെപ്പറ്റി തന്നോട് സംസാരിക്കുകയോ ചെയ്തിട്ടില്ല. അതിനുളള യോഗ്യതയും അർഹതയും കാര്യപ്രാപ്തിയും ഉണ്ടെന്ന് താൻ വിശ്വസിക്കാത്തിടത്തോളം കാലം ഇതുമായി ബന്ധപ്പെട്ടകാര്യങ്ങൾ ഊഹാപോഹങ്ങളായി നിലനിൽക്കുകയെ ഉളളുവെന്നും രഞ്ജിത്ത് ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
പിണറായി വിജയൻ സർക്കാരിനെപ്പറ്റിയുളള തന്റെ കാഴ്ചപ്പാടും രജ്ഞിത്ത് അഭിമുഖത്തിൽ പങ്കുവെച്ചു. പ്രശംസനീയമായ ഭരണസാരദ്ധ്യമാണ് മുഖ്യമന്ത്രി പിണറായി വിജന്റേത്. കൃത്യമായ ഉൾക്കാഴ്ചയും ദർശനവുമുളള സംഘമായാണ് അദ്ദേഹത്തേയും കൂടെയുളളവരെയും കാണുന്നത്. അത് പിണറായിയാകട്ടെ ശെെലജ ടീച്ചറാകട്ടെ സുനിൽകുമാറാകട്ടെ, ഇവർക്കെല്ലാം കൃത്യമായ പദ്ധതികൾ മനസിലുണ്ടായിരുന്നു. അത് ഒരു അവധാനതയോടെ നടപ്പിലാക്കാനുളള അവരുടെ ശ്രമങ്ങളും അതിന്റെ ഗുണഭോക്താക്കളായ അനവധിയാളുകളെയും നമ്മൾ കണ്ടതാണ്. അതിന് തുടർച്ച കിട്ടുകയാണെങ്കിൽ ഒരുപാട് വലിയ മാറ്റങ്ങൾ ഇനിയും നമ്മുടെ കേരളത്തിൽ സംഭവിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വപ്നങ്ങൾ വിറ്റ് കാശാക്കുന്നവരെയല്ല യാഥാർത്ഥ്യമാക്കാൻ മനസ്ഥെെര്യമുളളവരെയാണ് നാടിനാവശ്യം. അത് ഈ അഞ്ച് വർഷക്കാലയളവിൽ പിണറായി സർക്കാർ തെളിയിച്ചിട്ടുണ്ട്. ജാതിയെക്കുറിച്ചും മതത്തെക്കുറിച്ചുമാണ് നമ്മൾ ഇപ്പോഴും സംസാരിക്കുന്നത് മനുഷ്യരെക്കുറിച്ചല്ല. മണ്ഡലങ്ങളിൽ സ്വാധീനമുളള സമുദായത്തിൽപെട്ടയാളെ തിരഞ്ഞെടുപ്പിൽ നിർത്തുക എന്നത് പ്രാകൃതമായ രീതിയാണെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.