ചെന്നിത്തല നയിക്കുന്നത് വിനാശ കേരളയാത്ര: എ.വിജയരാഘവൻ

Saturday 20 February 2021 12:22 AM IST

കോഴിക്കോട്: ഇടതുമുന്നണി അഞ്ച് വർഷം കൊണ്ടുണ്ടാക്കിയ നന്മകൾ നശിപ്പിക്കുമെന്ന് പറയുന്ന പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരളയാത്ര യഥാർത്ഥത്തിൽ വിനാശ കേരള യാത്രയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. കോഴിക്കോട് ബീച്ചിൽ എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയുടെ ജില്ലാതല സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോൺഗ്രസ് -എം മുന്നണി വിട്ടതോടെ യു.ഡി.എഫ് ചിറകറ്റ മുന്നണിയായി. എൽ.ഡി.എഫിന്റെ ഒരു ഘടക കക്ഷിയെയും പിടിക്കാൻ യു.ഡി.എഫിന് കെൽപ്പില്ല. ബി.ജെ.പിയെ തടയാനും സാധിക്കില്ല. മോദിയെ പിടിക്കാൻ പോയവർ മോദിയെ കണ്ടപ്പോൾ തന്നെ ടിക്കറ്റെടുത്ത് തിരിച്ചു പോന്നു. തീവ്ര ഹിന്ദുത്വം പിടിമുറുക്കുമ്പോൾ, മറ്റൊരു വർഗീയതയുണ്ടാക്കി ഇടതുപക്ഷത്തെ തകർക്കാനാണ് ശ്രമം. സംഘപരിവാറിനെതിരായ പോരാട്ടത്തിൽ ചോരത്തുള്ളികളുടെ വീരേതിഹാസം രചിച്ച പ്രസ്ഥാനമാണ് ഇടതുപക്ഷം. അതിനൊരു സർട്ടിഫിക്കറ്റ് മുസ്ലിം മത മൗലിക പ്രസ്ഥാനത്തിന്റെ പക്കൽ നിന്നാവശ്യമില്ല.

തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി വോട്ട് കച്ചവടവും ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകെട്ടും യു.ഡി.എഫ് ഉണ്ടാക്കി. മഹാത്മാഗാന്ധിയെ പോലെയാണ് അഴിമതിക്കേസിൽ പ്രതിയായ ഇബ്രാഹിം കുഞ്ഞ് ജയിലിൽ നിന്നിറങ്ങിയപ്പോൾ ഉമ്മൻചാണ്ടി സ്വീകരിച്ചതെന്നും വിജയരാഘവൻ പറഞ്ഞു.