രാമക്ഷേത്ര നിർമ്മാണത്തിന് ഏഴ് ലക്ഷം രൂപ സംഭാവന നൽകി എൻ എസ് എസ്; തീരുമാനം വിശ്വാസത്തിന്റെ പുറത്തെന്ന് വിശദീകരണം

Saturday 20 February 2021 1:34 PM IST

തിരുവനന്തപുരം: രാമക്ഷേത്ര നിർമ്മാണത്തിന് ഏഴ് ലക്ഷം രൂപ സംഭാവന നൽകി നായർ സർവീസ് സൊസൈറ്റി. ആരും ആവശ്യപ്പെട്ടിട്ടല്ല സംഭാവന നൽകിയതെന്നും സ്വന്തം നിലയ്‌ക്കാണ് നൽകിയതെന്നും എൻ എസ് എസ് വിശദീകരിച്ചു. ഇതിൽ രാഷ്ട്രീയം കാണേണ്ടയെന്നും സംഘടന നേതാക്കൾ അറിയിച്ചു.

എസ് ബി ഐയുടെ അയോദ്ധ്യ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. വിശ്വാസത്തിന്റെ പുറത്തുളള തീരുമാനമാണിതെന്നാണ് എൻ എസ് എസിന്റെ ഔദ്യോഗിക വിശദീകരണം. രാഷ്ട്രീയമില്ലെന്ന് പറയുമ്പോഴും തിരഞ്ഞെടുപ്പ് കാലത്ത് ശബരിമല വിഷയം അടക്കം എൻ എസ് എസ് സജീവമായി ഉയർത്തികാട്ടുമ്പോഴാണ് രാമക്ഷേത്ര നിർമ്മാണത്തിനുളള സംഭാവനയെന്നതാണ് ശ്രദ്ധേയം.

ബി ജെ പിയുമായി എൻ എസ് എസ് അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മന്നം സമാധിയിലെത്തിച്ച് പുഷ്‌പാർച്ചന നടത്താനുളള നീക്കം സംസ്ഥാന ബി ജെ പി നേതൃത്വം നടത്തുകയും ചെയ്‌തിരുന്നു. തിരഞ്ഞെടുപ്പിൽ എൻ എസ് എസ് സമദൂര സിദ്ധാന്തത്തിൽ നിന്ന് മാറി ചിന്തിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.