ഉദ്യോഗാർത്ഥികളുമായി ഒത്തുതീർപ്പ് ചർച്ച വൈകുന്നേരം; മന്ത്രിമാർ പങ്കെടുക്കില്ല

Saturday 20 February 2021 2:27 PM IST

തിരുവനന്തപുരം: സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാർത്ഥികളുമായുളള സർക്കാരിന്റെ ചർ‌ച്ച ഇന്ന് വൈകുന്നേരം നാലരയ്‌ക്ക് നടക്കും. ചർച്ചയിൽ മന്ത്രിമാർ‌ പങ്കെടുക്കില്ല. ആഭ്യന്തര സെക്രട്ടറി ടി കെ ജോസ് ഐ എ എസും എ ഡി ജി പി മനോജ് എബ്രഹാമും ചർച്ചയ്‌ക്ക് നേതൃത്വം വഹിക്കും. സമരം ചെയ്യുന്ന റാങ്ക് ഹോൾഡർമാരുടെ മൂന്ന് പ്രതിനിധികളെയാണ് സർക്കാർ ചർച്ചയ്‌ക്ക് ക്ഷണിച്ചിരിക്കുന്നത്.

ഉദ്യോഗസ്ഥതല ചർച്ചയിൽ തീർച്ചയായും പങ്കെടുക്കുമെന്ന് സമരം ചെയ്യുന്ന ഉദ്യോഗാർത്ഥി ലയാ രാജേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇവരെ കൂടാതെ ജിഷ്‌ണു, വിനേഷ് തുടങ്ങി ഉദ്യോഗാർത്ഥികളും ചർച്ചയിൽ പങ്കെടുക്കും. സർക്കാരിന്റെ ഭാ​ഗത്തുനിന്ന് മന്ത്രിമാരോ ഉദ്യോ​ഗസ്ഥരോ ആരെങ്കിലും ചർച്ച നടത്തിയാൽ മതിയെന്നായിരുന്നു സമരക്കാരുടെ നിലപാട്. അതുകൊണ്ട് തന്നെ ഉദ്യോ​ഗസ്ഥതല ചർച്ച എന്ന തീരുമാനത്തോട് അവർ സംതൃപ്‌തരാണ്.

ചർച്ച വേണ്ടെന്ന നിലപാടിലായിരുന്ന മുഖ്യമന്ത്രിയോട് കടുംപിടിത്തം വേണ്ടെന്ന് പാർട്ടി നിർദേശിച്ചിരുന്നു. ചർച്ചയ്‌ക്ക് തയ്യാറാവണമെന്ന് ഗവർണറും ആവശ്യപ്പെട്ടതായാണ് സൂചന. ചർച്ച വേണ്ടെന്ന നിലപാട് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കുന്നു എന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്.