വിജയയാത്രയ്‌ക്ക് മണിക്കൂറുകൾ മുമ്പും സസ്‌പെൻസ്; വിരമിച്ച ജസ്റ്റിസ് അടക്കമുളളവർ പാർട്ടിയിലേക്ക് വരുമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരന് പിന്നാലെ പ്രമുഖരുടെ നീണ്ടനിര ബി ജെ പിയിലേക്ക്. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര നാളെ തുടങ്ങാനിരിക്കെ പാർട്ടിയിലേയ്‌ക്ക് വരുന്നത് ആരൊക്കെയെന്ന കാര്യത്തിൽ ബി ജെ പി ഇപ്പോഴും സസ്‌പെൻസ് തുടരുകയാണ്. അതിനിടെ വിരമിച്ച ജസ്റ്റിസ് അടക്കമുളളവർ പാർട്ടിയിലേക്ക് വരുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി.
കേരളത്തെ വികസനത്തിലേക്ക് നയിക്കാൻ പര്യാപ്‌തരായ പൊതു സമ്മതരെയാണ് ബി ജെ പി ജനസമക്ഷം അണിനിരത്തുന്നത്. പൊതു സമൂഹത്തിന്റെയാകെ തിരിച്ചറിവിന്റെ പ്രതീകമായിട്ടാണ് പ്രമുഖരുടെ കടന്നുവരവിനെ, ഇടതു-വലതു മുന്നണികൾ നോക്കിക്കാണുന്നതെന്നും കെ സുരേന്ദ്രൻ പറയുന്നു. എൻ ഡി എ വിട്ടു പോയവർകൂടി തിരിച്ചെത്തുന്നതോടെ മുന്നണി വിപുലപ്പെടും. ഇതിന്റെ ഭാഗമായി പി സി തോമസ് ഉൾപ്പടെയുളളവർ വിജയ യാത്രയുടെ ഭാഗമായുണ്ടാകുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ദേശീയ ചിന്താപ്രവാഹത്തിലേക്കുള്ള ഒഴുക്ക് തുടരുകയാണ്. റിട്ട:ജസ്റ്റിസുമാരടക്കം നിരവധി പ്രമുഖർ ഉടൻ തന്നെ ബിജെപിയുടെ...
Posted by BJP Keralam on Saturday, February 20, 2021
നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് കാസർകോട് താളിപ്പടുപ്പ് മൈതാനിയിൽ വിജയയാത്ര ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഉദ്ഘാടനം ചെയ്യുന്നത്. അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ബി ജെ പിയുടെ യാത്ര. മാർച്ച് ആറിന് തിരുവന്തപുരത്താണ് സമാപനം. കേന്ദ്രഅഭ്യന്തര മന്ത്രി അമിത് ഷായാണ് സമാപാന ചടങ്ങിനെത്തുന്നവരിൽ പ്രധാനി. എല്ലാ ജില്ലകളിലും കേന്ദ്രമന്ത്രി വി മുരളീധരനടക്കം ബി ജെ പിയുടെ കേന്ദ്ര സംസ്ഥാന നേതാക്കളും എൻ ഡി എ നേതാക്കളും പങ്കെടുക്കും.