വിജയരാഘവന്റെ മനോനില പരിശോധിക്കണം: മുല്ലപ്പള്ളി

Monday 22 February 2021 12:00 AM IST

തിരുവനന്തപുരം:സെക്രട്ടേറിയ​റ്റിന് മുന്നിൽ സമരം ചെയ്യുന്ന പി.എസ്. സി ഉദ്യോഗാർത്ഥികളെ തുടരെത്തുടരെ പരിഹസിക്കുന്ന സി.പി.എം സെക്രട്ടറി എ.വിജയരാഘവന്റെ മനോനില പരിശോധിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

തുടക്കം മുതൽ ഉദ്യോഗാർത്ഥികളുമായി ചർച്ചയ്ക്ക് തയ്യാറാകാതെ അവഹേളിക്കാനാണ് സി.പി.എം ശ്രമിച്ചത്. ഒടുവിൽ ജനവികാരത്തിന് മുന്നിൽ വഴങ്ങേണ്ടി വന്ന സി.പി.എമ്മിന്റെ ജാള്യതയാണ് വിജയരാഘവന്റെ പ്രസ്താവനകളിലൂടെ പുറത്തുവരുന്നത്.പിഎസ്.സി ഉദ്യോഗാർത്ഥികളുമായി കഴിഞ്ഞ ദിവസം സർക്കാർ പ്രതിനിധികൾ നടത്തിയ ചർച്ചകളുടെ അന്തിമഫലം എന്താകുമെന്ന ആശങ്കവർധിപ്പിക്കുന്നതാണ് വിജയരാഘവന്റെ പ്രസ്താവനയെന്നും മുല്ലപ്പള്ളി പറഞ്ഞു.

സർക്കാർ പ്രതിനിധികൾ നൽകിയ ഉറപ്പുകൾക്ക് കടകവിരുദ്ധമായാണ് സി.പി.എം സെക്രട്ടറി സംസാരിക്കുന്നത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ഇത്തരം ഒരു ചർച്ചയ്ക്ക് സർക്കാർ തയ്യാറായതെന്ന് സംശയിക്കേണ്ടിരിക്കുന്നു.

ഉദ്യോഗാർത്ഥികൾക്ക് വേണ്ടി ഒരാഴ്ചയായി നിരാഹാര സമരം അനുഷ്ഠിക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെയും വൈസ് പ്രസിഡന്റ് ശബരിനാഥനെയും ചർച്ചയ്ക്ക് വിളിക്കാനുള്ള ജനാധിപത്യ മര്യാദ സർക്കാർ കാണിക്കേണ്ടതായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.