''പിണറായി ആകാശവും ഭൂമിയും കടലും വിൽക്കുന്നു''

Tuesday 23 February 2021 12:00 AM IST

കോൺഗ്രസിലെ ക്രൗഡ്‌പുള്ളർ നേതാവായ കെ. മുരളീധരൻ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് ശേഷം കോൺഗ്രസ് ഒന്നുണർന്നോ?

തീർച്ചയായും. സെക്രട്ടേറിയറ്റിന് മുന്നിലിപ്പോൾ നടക്കുന്ന ഉദ്യോഗാർത്ഥികളുടെ സമരമൊക്കെ വളരെയധികം മാറ്റങ്ങളുണ്ടാക്കി. ഇങ്ങനെ പിൻവാതിൽ നിയമനങ്ങളുമായി മുന്നോട്ട് പോയാൽ പി.എസ്.സി തന്നെ നോക്കുകുത്തിയാവുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. അതുകൊണ്ടാണ് ശക്തമായ സമരവുമായി റാങ്ക് ഹോൾഡേഴ്സിന്റെ കൂട്ടായ്മ മുന്നോട്ടു വരുന്നത്. സ്വാഭാവികമായും അവരുടെ വിഷയങ്ങൾ യൂത്ത് കോൺഗ്രസ് ഏറ്റെടുത്തു. ഭരണമാറ്റം അവരിപ്പോൾ ആഗ്രഹിക്കുന്നുണ്ട്. ശബരിമല വിഷയത്തിൽ വിശ്വാസികളെ അപമാനിച്ച പ്രവർത്തനമാണ് രണ്ടുവർഷം മുമ്പുണ്ടായത്. ഫെമിനിസ്റ്റുകളെ പുരുഷവേഷം കെട്ടിച്ച് ആചാരം ലംഘിച്ചു. അത് വിശ്വാസികളെ വേദനിപ്പിച്ചു. അഴിമതിയാരോപണങ്ങൾ കൂടുതൽ വ്യാപകമായിക്കൊണ്ടിരിക്കുന്നു. അതിന്റെ അവസാനത്തേതാണ് ആഴക്കടൽ മത്സ്യബന്ധനത്തിന് സ്വകാര്യ കമ്പനിയുമായുണ്ടാക്കിയ ധാരണ. മോദി ചെയ്യുന്ന പ്രവൃത്തിയാണിപ്പോൾ പിണറായി ചെയ്യുന്നത്. മോദി ആകാശവും ഭൂമിയും വിൽക്കുന്നു. പിണറായി വിജയൻ കടലും വിൽക്കുന്നു.

യു.ഡി.എഫിന് മേൽക്കൈയായി എന്നാണോ?

ഇപ്പോൾ യു.ഡി.എഫിന് അല്പം മേൽക്കൈ ഉണ്ടായിട്ടുണ്ട്.

കോൺഗ്രസിന്റെ സിറ്റിംഗ് എം.എൽ.എമാർ 21 ആണ്. അത് അമ്പതിന് മുകളിലേക്കുയർത്തുക എന്നത് വെല്ലുവിളിയായി മുന്നിലില്ലേ ?

ആ വെല്ലുവിളി ഞങ്ങളുടെ പ്രവർത്തകർ ഏറ്റെടുക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം. 21 നിലനിറുത്തിക്കൊണ്ട് അതിനെ അമ്പതിലേക്കെത്തിക്കുകയെന്നത് ബുദ്ധിമുട്ടുള്ള ഏർപ്പാടാണ്.

മലബാറിൽ പ്രത്യേകിച്ച് കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഇപ്പോഴും പരമ്പരാഗത ഇടതുശക്തി കേന്ദ്രങ്ങളാണ് കൂടുതൽ?

പരമ്പരാഗത ഇടത് ശക്തികേന്ദ്രങ്ങളിലൊക്കെ മുമ്പ് യു.ഡി.എഫും ജയിച്ചിട്ടുണ്ടല്ലോ. 20 കൊല്ലമായി കോൺഗ്രസിന് എം.എൽ.എമാരില്ല. പക്ഷേ 20 വർഷം മുമ്പുണ്ടായിരുന്നു. കോഴിക്കോട് ഒന്നാം മണ്ഡലത്തിലുണ്ടായിരുന്നു. കൊയിലാണ്ടിയിലുണ്ടായിരുന്നു. 20 വർഷത്തിനിടയിൽ തന്നെ കണ്ണൂർ ജില്ലയിലൊക്കെ നല്ലനിലയിൽ യു.ഡി.എഫ് ജയിച്ചുവന്നിട്ടുണ്ട്. ഇപ്പോഴുള്ള എല്ലാ സീറ്റുകളും യു.ഡി.എഫിന് വിജയസാദ്ധ്യതയുള്ളവയാണ്. 15 വർഷം മുമ്പായിരുന്നെങ്കിൽ വടകര അസംബ്ലിയോ പാർലമെന്റ് മണ്ഡലമോ യു.ഡി.എഫിന് ബാലികേറാമലയായിരുന്നു. ഇപ്പോളത് മാറി. എന്റെ മണ്ഡലത്തിൽപ്പെട്ട ഏഴ് നിയോജകമണ്ഡലങ്ങളിൽ ആറിടത്ത് ഞാൻ ലീഡ് ചെയ്തു. ആറിലും ജയിക്കാം.

കൂടുതൽ ആശ്രയിക്കാവുന്നത് തെക്കൻ ജില്ലകളയല്ലേ?

വടക്കൻ ജില്ലകളിൽ പ്രധാനപ്പെട്ട പല എ ഗ്രേഡ് സീറ്റുകളിലും മത്സരിക്കുന്നത് മുസ്ലിംലീഗാണ്. കൊച്ചി, തിരുവിതാംകൂർ മേഖലകളിൽ എ ഗ്രേഡ് സീറ്റുകളിലൊക്കെ മത്സരിക്കുന്നത് കോൺഗ്രസാണ്.

മദ്ധ്യതിരുവിതാംകൂറിൽ കേരള കോൺഗ്രസ്- ജോസ് കെ.മാണി വിഭാഗം വിട്ടുപോയത് തിരിച്ചടിയാവില്ലേ?

ആര് വിട്ടുപോയതും തിരിച്ചടിയാവുമെങ്കിലും അതിനെ കവർ ചെയ്യാനാകുമെന്നാണ് വിശ്വാസം. ഉദാഹരണത്തിന് എൽ.ജെ.ഡിക്ക് നല്ല വോട്ടുള്ള സ്ഥലമാണ് വടകര താലൂക്കൊക്കെ. അവിടെ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലടക്കം യു.ഡി.എഫ് ജയിച്ചു. വടകര അസംബ്ലിമണ്ഡലത്തിലെ നാലിൽ മൂന്ന് പഞ്ചായത്തിലും ആർ.എം.പി ഉൾപ്പെട്ട മുന്നണി ജയിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകൾ കോൺഗ്രസിന് നിർണായകമാണ് ?

അമ്പതിലെത്തണമെങ്കിൽ ആ ജില്ലകളിൽ പ്രതീക്ഷ വേണം. തിരുവനന്തപുരത്ത് കോർപ്പറേഷനിൽ പ്രകടനം മോശമായി. അതിന് പല കാരണങ്ങളുമുണ്ട്. അതൊഴിവാക്കി മികച്ച സ്ഥാനാർത്ഥികളെയിറക്കി നഗരം പിടിക്കാനാണ് ഞങ്ങളുദ്ദേശിക്കുന്നത്.

ഈ നിയമസഭാ തിരഞ്ഞെടുപ്പിലും ജയസാദ്ധ്യതയുള്ള എം.പിമാരെ മത്സരിപ്പിക്കേണ്ടതല്ലേ?

എം.പിമാ‌ർ വേണ്ടെന്ന് തന്നെയാണ് കോൺഗ്രസിന്റെ തീരുമാനം. ഇനിയിപ്പോൾ അതിലൊരു പുന:പരിശോധനാ പ്രശ്നമുദിക്കുന്നില്ല.

വട്ടിയൂർക്കാവിൽ താങ്കൾക്ക് ശേഷം ജയിച്ച സി.പി.എമ്മിലെ വി.കെ. പ്രശാന്തിന് ജനപ്രിയ പരിവേഷമുണ്ട്. അതിനെ മറികടക്കാൻ കഴിയുന്ന സ്ഥാനാർത്ഥി വേണ്ടേ?

അങ്ങനെ ജനപ്രിയനാണെന്ന അഭിപ്രായമൊന്നും ആർക്കുമില്ല. ഞാനിപ്പോൾ എന്റെ പിൻഗാമിയെ കുറ്റം പറയുന്നത് ശരിയല്ലാത്തതിനാൽ ചെയ്യുന്നില്ല. അതൊക്കെ എളുപ്പത്തിൽ തിരിച്ചുപിടിക്കാനാവും.

സ്ഥാനാർത്ഥി നിർണയത്തിൽ പുതുമുഖങ്ങൾക്കും യുവാക്കൾക്കും വനിതകൾക്കുമാകും പ്രാമുഖ്യമെന്നും ഗ്രൂപ്പ് മാനദണ്ഡമല്ലാതെ ജയസാദ്ധ്യതയാകും മുഖ്യമെന്നും പറയുന്നെങ്കിലും കാര്യത്തോടടുക്കുമ്പോൾ സ്ഥിതി പതിവു പോലെയാകില്ലേ?

21 എന്നത് 50 ആക്കണമെങ്കിൽ ഇതൊക്കെ ചെയ്താലേ പറ്റൂ. അതുകൊണ്ടാണ് സാധാരണ പറയുന്നത് പോലെ പറഞ്ഞിട്ട് കാര്യമില്ലെന്ന് പറയുന്നത്. ഗ്രൂപ്പ് എന്നത് യോഗ്യതയോ അയോഗ്യതയോ അല്ല. അതേസമയത്ത്, നമുക്കൊരിക്കലും ഏതെങ്കിലും ഗ്രൂപ്പിന്റെ പേരിൽ സീറ്റ് കൊടുത്താൽ ജയിക്കാൻ പറ്റില്ല. ഒരാൾക്ക് ഗ്രൂപ്പില്ല എന്നു വിചാരിക്കുക. അയാളൊരു സീറ്റിൽ നിന്നാൽ ജയിക്കും. ഗ്രൂപ്പില്ലാത്തത് കൊണ്ട് കൊടുക്കേണ്ട എന്ന് പറഞ്ഞാൽ ആ സീറ്റ് പോയിക്കിട്ടും.

താങ്കൾ രാജി വച്ചശേഷമാണ് വട്ടിയൂർക്കാവ് നഷ്ടമായത്. അന്ന് വടകരയിൽ മത്സരിക്കാൻ പോയത് ബുദ്ധിമോശമായെന്ന് തോന്നുന്നുണ്ടോ ?

ഇനിയിപ്പോൾ പഴയ ജാതകം നോക്കിയിട്ട് കാര്യമില്ലല്ലോ. നഷ്ടം സംഭവിച്ചിട്ടുണ്ട്. അന്നത്തെ സാഹചര്യത്തിൽ പരമാവധി എം.പിമാരെ ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. കേരളത്തിൽ ആ ലക്ഷ്യം പ്രാവർത്തികമായി. എൽ.ഡി.എഫ് ആറ് എം.എൽ.എമാരെ മത്സരിപ്പിച്ചു. ഒരാളേ ജയിച്ചുള്ളൂ. ഞങ്ങൾ മൂന്ന് പേരെ മത്സരിപ്പിച്ചു. മൂന്ന് പേരും ജയിച്ചു. ജയിച്ചതിന് ശേഷം വീണ്ടുമിങ്ങോട്ട് കൊണ്ടുവരികയെന്ന് പറഞ്ഞാൽ കൂടുതൽ ഉപതിരഞ്ഞെടുപ്പുണ്ടാക്കുക എന്നാണല്ലോ. അത് ശരിയല്ലാത്തതിനാലാണ് ഹൈക്കമാൻഡ് അങ്ങനെയൊരു തീരുമാനമെടുത്തത്.

പക്ഷേ കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തിൽ ലീഗ് അത്തരമൊരിളവിന് തയാറായി?

ഘടകകക്ഷികളുടെ കാര്യത്തിൽ ഞങ്ങൾക്കിടപെടാനാവില്ലല്ലോ ?

 താങ്കളുടെ പിതാവ് കെ. കരുണാകരനെ സംബന്ധിച്ചിടത്തോളം മാള മണ്ഡലം അദ്ദേഹത്തിന്റെ ബ്രാൻഡായിരുന്നു. വട്ടിയൂർക്കാവിനെ ഏറെക്കുറെ ആ നിലയിലേക്ക് താങ്കളും കൊണ്ടുവരികയായിരുന്നു. ആ ഘട്ടത്തിൽ മാറേണ്ടി വന്നതിനെപ്പറ്റി എന്ത് തോന്നുന്നു ?

അത് വല്ലാത്തൊരു ഫീലിംഗുണ്ടാക്കിയിട്ടുണ്ട്. അന്നുതന്നെ നല്ല പ്രയാസമുണ്ടായിരുന്നു. ഇനിയിപ്പോൾ അതേക്കുറിച്ച് ആലോചിച്ചിട്ട് കാര്യമില്ലല്ലോ.

കരുണാകരന്റെ മകനെന്ന നിലയിൽ ഐ ഗ്രൂപ്പാണ് താങ്കളുടെ ലേബലെങ്കിലും പൊതുവിൽ ഇരുഗ്രൂപ്പുകൾക്കും അതീതമായ പരിവേഷമാണിപ്പോൾ താങ്കൾക്ക്. അതേതെങ്കിലും ഘട്ടത്തിൽ വിനയായോ?

ഹൈക്കമാൻഡ് എന്റെ കാര്യം എപ്പോഴും പരിഗണിച്ചിട്ടുണ്ട്. എന്നാൽ കേരളം ഞാൻ നിർദ്ദേശിക്കുന്ന ആളുകളെയൊക്കെ ഭാരവാഹികളാക്കുന്നതിൽ പലപ്പോഴും വിമുഖത കാട്ടുന്നു. പക്ഷേ ദേശീയതലത്തിൽ ഹൈക്കമാൻഡിനെ സമീപിച്ച് ഏത് കാര്യം പറഞ്ഞാലും അവരത് ചെയ്യാറുണ്ട്. എന്നെ മേൽനോട്ടസമിതിയിലും ഇലക്ഷൻ കമ്മിറ്റിയിലുമൊക്കെ വച്ചത് ഹൈക്കമാൻഡിന്റെ തീരുമാനമാണ്.

കെ.പി.സി.സി പ്രസിഡന്റുമായി താങ്കൾ പലപ്പോഴും ഇടഞ്ഞുനിൽക്കുന്ന പ്രതീതിയാണ് ?

ഇടഞ്ഞുനിൽക്കുന്നതല്ല. ഇലക്ഷനിൽ ജയിക്കണമെങ്കിൽ നമുക്ക് അതിന്റേതായ സംവിധാനം വേണം. ഉദാഹരണത്തിന് വടകരയിൽ ആർ.എം.പി പ്രധാന കക്ഷിയാണ്. എൽ.ജെ.ഡി പോയിട്ട് പോലും വടകരയിൽ അത് ബാധിക്കാതിരുന്നത് ആർ.എം.പിയുടെ പിന്തുണ കൊണ്ടാണ്. ആ ആർ.എം.പിയെ സഹകരിപ്പിക്കുന്ന കാര്യം പോലെ ചില കാര്യങ്ങളിലാണ് അഭിപ്രായ വ്യത്യാസങ്ങളുള്ളത്. അത് പരിഹരിക്കാനാകുമെന്നാണ് എന്റെ വിശ്വാസം.

തദ്ദേശ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി സഖ്യത്തെ ചൊല്ലി വലിയ ആശയക്കുഴപ്പമുണ്ടായി?

അവർ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനോട് സഹകരിച്ചു. രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ മതേതര സർക്കാർ രാജ്യത്ത് അധികാരത്തിൽ വരണമെന്ന് അന്നവർ പറഞ്ഞു. അങ്ങനെയുള്ള സന്ദർഭത്തിൽ പ്രാദേശികമായി അവരുമായി സീറ്ര് ധാരണയുണ്ടാക്കുന്നതിൽ തെറ്റില്ലെന്ന തീരുമാനമാണ് കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യസമിതി എടുത്തത്. ആ തീരുമാനം നടപ്പാക്കണമെന്നേ ഞാൻ പറഞ്ഞിട്ടുള്ളൂ.

താങ്കൾ വടകരയിലും വട്ടിയൂർക്കാവിലും മാത്രമേ പ്രചരണത്തിനിറങ്ങൂവെന്ന് പ്രഖ്യാപിച്ചതായി കണ്ടു?

അത് അത്രയേ ഉള്ളൂ.

എന്തുകൊണ്ടാണങ്ങനെ?

അതിപ്പോൾ പരമാവധി എം.എൽ.എമാരെ ഉണ്ടാക്കുകയല്ലേ വേണ്ടത്. അല്ലാതെ പ്രസംഗിച്ച് നടന്നിട്ട് കാര്യമില്ലല്ലോ. ഞാനാ സ്റ്റാൻഡാണ് എടുത്തിട്ടുള്ളത്.