രണ്ടിലയും പാർട്ടി പേരും ജോസ് കെ. മാണിക്ക്
കൊച്ചി: കേരള കോൺഗ്രസ് (എം) എന്ന പേരും രണ്ടില ചിഹ്നവും ജോസ്. കെ. മാണി വിഭാഗത്തിനു നൽകിയ തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടി സിംഗിൾ ബെഞ്ച് ശരിവച്ചതിനെതിരെ പി.ജെ. ജോസഫ് എം.എൽ.എയും കോട്ടയം സ്വദേശി സി. കുര്യാക്കോസും നൽകിയ അപ്പീലുകൾ ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ചിന്റെ വിധിയിൽ അപാകതയില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി.
കേരള കോൺഗ്രസ് (എം) ചെയർമാനായിരുന്ന കെ.എം. മാണിയുടെ മരണത്തെത്തുടർന്ന് പാർട്ടിയുടെ വർക്കിംഗ് ചെയർമാനായ പി.ജെ. ജോസഫിനായിരുന്നു ചുമതല. പുതിയ ചെയർമാനെ തിരഞ്ഞെടുക്കാൻ സംസ്ഥാന കമ്മിറ്റി യോഗം വിളിക്കണമെന്ന് ജോസ് കെ. മാണി വിഭാഗം ആവശ്യപ്പെട്ടെങ്കിലും ജോസഫ് തയ്യാറായില്ല. തുടർന്ന് പാർട്ടിയുടെ ഉന്നതാധികാര സമിതിഅംഗം യോഗം വിളിച്ച് ജോസ് കെ. മാണിയെ ചെയർമാനായി തിരഞ്ഞെടുത്തു. ഇൗ നടപടി സിവിൽ കോടതി സ്റ്റേ ചെയ്തു. പിന്നീട് ജോസ് കെ. മാണിയുടെ അപേക്ഷ പരിഗണിച്ച തിരഞ്ഞെടുപ്പു കമ്മിഷൻ പാർട്ടിയിൽ പിളർപ്പുണ്ടെന്ന് വിലയിരുത്തി, രണ്ടില ചിഹ്നവും പേരും ഇവർക്ക് നൽകി ഉത്തരവിട്ടു. ഇതിനെയാണ് പി.ജെ. ജോസഫ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്.ഇരുവിഭാഗവും ഹാജരാക്കിയ 450 സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പട്ടികകളിൽ പൊതുവായി ഉൾപ്പെട്ട 305 പേരുടെ അഭിപ്രായമാണ് തിരഞ്ഞെടുപ്പു കമ്മിഷൻ പരിഗണിച്ചത്. 175 അംഗങ്ങളുടെ പിന്തുണ ജോസ് കെ. മാണിക്കായിരുന്നെങ്കിലും, 59 പേരൊഴികെയുള്ളവർ മറ്റൊരവസരത്തിൽ നൽകിയ സത്യവാങ്മൂലങ്ങളാണ് ഹാജരാക്കിയതെന്ന് ജോസഫ് വാദിച്ചു. ജോസ് കെ. മാണിയെ പിന്തുണയ്ക്കുന്ന നിലപാടിൽ നിന്ന് ഇവരിലൊരാളൊഴികെ മറ്റാരും പിന്മാറാത്തതിനാൽ ഭൂരിപക്ഷം ഇല്ലാതാകുന്നില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. തുടർന്നാണ് അപ്പീൽ തള്ളിയത്.