നാടിളക്കി രാഹുലിന്റെ ട്രാക്ടർ റാലി

Tuesday 23 February 2021 12:05 AM IST

കൽപ്പറ്റ: രാജ്യതലസ്ഥാനത്ത് കർഷകർ തുടരുന്ന ഐതിഹാസിക സമരത്തിന് ഐക്യദാർഢ്യവുമായി രാഹുൽ ഗാന്ധി എം.പി യുടെ നേതൃത്വത്തിൽ വൻ ട്രാക്ടർ റാലി. മാണ്ടാട് നിന്ന് ആരംഭിച്ച റാലി മൂന്നു കിലോമീറ്റർ താണ്ടി മുട്ടിലിലാണ് സമാപിച്ചത്.

ഉറവ് പൈതൃക ഗ്രാമത്തിലൂടെ രാഹുൽ ഓടിച്ച ട്രാക്ടറിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി, ഡി.സി.സി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, മുൻ എം.എൽ.എ എൻ.ഡി. അപ്പച്ചൻ എന്നിവരുമുണ്ടായിരുന്നു. 51 ട്രാക്ടറുകൾ അകമ്പടിയായുണ്ടായിരുന്നു.

മുട്ടിൽ ഗ്രാമപഞ്ചായത്ത് ഒാപ്പൺ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സമാപനയോഗത്തിൽ രാഹുൽ ഗാന്ധി പ്രസംഗിച്ചു. രാജ്യത്തെ ജനങ്ങളെ ഊട്ടുന്നവരെയാണ് കരിനിയമത്തിലൂടെ മോദി സർക്കാർ ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആക്ഷേപിച്ചു.കർഷകരുടെ പോരാട്ടത്തിന് കോൺഗ്രസിന്റെ എല്ലാ പിന്തുണയുമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ജില്ലാ ചെയർമാൻ പി പി എ കരീം അദ്ധ്യക്ഷനായിരുന്നു. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, എൻ.ഡി അപ്പച്ചൻ, ടി സിദ്ദിഖ്, കെ.സി റോസക്കുട്ടി ടീച്ചർ, പി.കെ ജയലക്ഷ്മി, കെ.കെ അഹമ്മദ്ഹാജി, കെ.കെ അബ്രഹാം എന്നിവരും പ്രസംഗിച്ചു.