തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും വിലക്ക്
Tuesday 23 February 2021 12:00 AM IST
തൃശൂർ: പൂരപ്രേമികളുടെ പ്രിയങ്കരനായ കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവങ്ങളിലും പൊതുപരിപാടികളിലും എഴുന്നള്ളിക്കുന്നതിന് വീണ്ടും വിലക്ക്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉപാധികളോടെ എഴുന്നള്ളിക്കാൻ നൽകിയ ജില്ലാ നാട്ടാന നിരീക്ഷണ സമിതിയുടെ അനുമതിയിലെ നിബന്ധന തെറ്റിച്ചതിനാണ് വനംവകുപ്പിന്റെ വിലക്ക്.
ആനയുടെ അഞ്ച് മീറ്റർ അടുത്തേക്ക് ആളുകളെ അടുപ്പിക്കരുതെന്ന നിബന്ധന തെറ്റിച്ചതിന് താത്കാലികമായാണ് വിലക്ക്. ആനയുടെ കാഴ്ചയ്ക്കുള്ള തകരാറുകൾ മൂടിവെച്ചതിനെ സംബന്ധിച്ച് വിശദീകരണം നൽകാനും ചീഫ് വൈൽഡ് ലൈഫ് വാർഡൻ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ നൽകിയ ഫിറ്റ്‌നസ് റിപ്പോർട്ടിൽ ആനയ്ക്ക് ഒരു കണ്ണിന് കാഴ്ചയില്ലെന്ന് പരാമർശിച്ചിരുന്നില്ല. രാമചന്ദ്രനെ എഴുന്നള്ളിക്കാൻ തൃശൂർ ജില്ലാ നാട്ടാന നിരീക്ഷണ സമിതി നൽകിയ അനുമതി റദ്ദാക്കണമെന്നുംവനംവകുപ്പ് ആവശ്യപ്പെട്ടു.