സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ കാൻസർ മരുന്ന്: മുഖ്യമന്ത്രി
ആലപ്പുഴ: കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ നിർമാണം പൂർത്തിയാക്കിയ ഇഞ്ചക്‌ഷൻ പ്ലാന്റും നിർമാണം ആരംഭിക്കുന്ന ഓങ്കോളജി പാർക്കും പ്രവർത്തനക്ഷമമാകുന്നതോടെ കാൻസറുൾപ്പെടെ രോഗങ്ങൾക്കുള്ള മരുന്നുകൾ സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നോൺ ബീറ്റാലാക്ടം ഇൻജക്‌ഷൻ പ്ലാന്റിന്റെ ഉദ്ഘാടനവും ഓങ്കോളജി ഫാർമ പാർക്കിന്റെ ശിലാസ്ഥാപനവും ഓൺലൈൻ വഴി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
105 കോടി രൂപ കിഫ്ബി ഫണ്ടിൽ നിന്ന് മുതൽ മുടക്കിയാണ് ഓങ്കോളജി പാർക്ക് പ്രത്യേക സംവിധാനമായി ഒരുക്കുന്നത്. 18 മാസത്തിനുള്ളിൽ പാർക്ക് പ്രവർത്തനക്ഷമമാക്കും. ഇതോടെ കെ.എസ്.ഡി.പി കാൻസർ മരുന്ന് നിർമാണ രംഗത്ത് നിർണായക സ്ഥാനത്തേക്ക് ഉയരുമെന്ന് പിണറായി പറഞ്ഞു.
പൂട്ടലിന്റെ വക്കിൽ നിന്നാണ് കെ.എസ്.ഡി.പിയെ ലാഭത്തിലെത്തിച്ചതെന്ന് മന്ത്രി ഇ.പി.ജയരാജൻ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. സാധാരണക്കാർക്ക് മരുന്ന് 30 മുതൽ 70 ശതമാനം വരെ വിലകുറച്ച് വിൽക്കാൻ കെ.എസ്.ഡി.പി വഴി സാദ്ധ്യമാകുമെന്ന് ജയരാജൻ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 250 കോടി രൂപ കെ.എസ്.ഡി.പിയ്ക്ക് വേണ്ടി സർക്കാർ ചെലവഴിച്ചതായി പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. ഒഫ്താൽമിക് സ്റ്റേഷന്റെ കമ്മിഷനിംഗ് മന്ത്രി കെ.കെ.ശൈലജ നിർവഹിച്ചു. എൽ.വി.പി ബ്ലോ-ഫിൽ-സീൽ സ്റ്റേഷന്റെ കമ്മിഷനിംഗ് മന്ത്രി ജി.സുധാകരനും എസ്.വി.പി. വയൽ ഫില്ലിംഗ് സ്റ്റേഷന്റെ കമ്മിഷനിംഗ് മന്ത്രി പി.തിലോത്തമനും നിർവഹിച്ചു. എച്ച്.വി.എ.സി പ്ലാന്റ് സ്വിച്ച് ഓൺ എ.എം.ആരിഫ് എം.പി നിർവഹിച്ചു.