ഐശ്വര്യ കേരള യാത്ര സമാപനം ഇന്ന് ശംഖുംമുഖത്ത്
രാഹുൽഗാന്ധി ഉച്ചയോടെ തലസ്ഥാനത്ത്
തിരുവനന്തപുരം: സംശുദ്ധം, സദ്ഭരണം എന്ന മുദ്രാവാക്യമുയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ജനുവരി 31ന് കാസർകോട് കുമ്പളയിൽ നിന്നാരംഭിച്ച് ഞായറാഴ്ച പാറശാലയിൽ പര്യടനം പൂർത്തിയാക്കിയ ഐശ്വര്യ കേരള യാത്രയുടെ ഔദ്യോഗിക സമാപനം ഇന്ന് തിരുവനന്തപുരത്ത്.
വൈകിട്ട് 5.30ന് ശംഖുംമുഖം കടപ്പുറത്ത് നടക്കുന്ന മഹാസമ്മേളനം കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിന് കോഴിക്കോട് നിന്ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തുന്ന രാഹുൽ ഗാന്ധി യു.ഡി.എഫ് യോഗത്തിൽ പങ്കെടുത്ത ശേഷമാവും ഐശ്വര്യ കേരളയാത്ര സമാപനസമ്മേളന വേദിയിലെത്തുക. സമാപന സമ്മേളനത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ, താരിഖ് അൻവർ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, എ.എ. അസീസ് എന്നിവരും സംസാരിക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഐശ്വര്യ കേരളയാത്ര സംസ്ഥാനത്തിന്റെ രാഷ്ട്രീയ രംഗത്ത് വലിയ ചലനമുണ്ടാക്കി. യാത്രയിൽ ചെന്നിത്തല ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും വ്യക്തമായ മറുപടി പറയാൻ സർക്കാരിനായിട്ടില്ല. ശബരിമല, പി.എസ്.സി ഉദ്യോഗാർത്ഥികളുടെ തൊഴിൽ, പിൻവാതിൽ നിയമനങ്ങൾ, കൂട്ട സ്ഥിരപ്പെടുത്തലുകൾ എന്നിവയടക്കമുള്ള വിഷയങ്ങളിൽ മറുപടി പറയാതെ സർക്കാർ ഒളിച്ചുകളിക്കുന്നു. ജനകീയ പ്രകടനപത്രികയിലേക്കുള്ള ജനങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കാൻ ഐശ്വര്യകേരള യാത്രയിലൂടെ സാധിച്ചതായും ഹസ്സൻ പറഞ്ഞു.
സമാപനസമ്മേളനം കഴിഞ്ഞ് രാഹുൽ ഗാന്ധി മടങ്ങിയ ശേഷം, ഉമ്മൻ ചാണ്ടി അദ്ധ്യക്ഷനായ കെ.പി.സി.സി പ്രചാരണ മേൽനോട്ടസമിതി യോഗം ചേരും.