മുൻ എം എൽ എ ബി രാഘവൻ അന്തരിച്ചു

Tuesday 23 February 2021 8:38 AM IST

കൊല്ലം: മുൻ എം എൽ എ ബി രാഘവൻ (69) അന്തരിച്ചു. കൊവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. സി പി എം സംസ്ഥാന കമ്മിറ്റി അംഗവും, കെ എസ് കെ ടി യു മുൻ സംസ്ഥാന പ്രസിഡന്റുമാണ്. എസ് സി എസ് ടി കോർപ്പറേഷൻ ചെയർമാനായിരുന്നു.

കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് രണ്ടാഴ്ച മുമ്പാണ് ബി രാഘവനെയും കുടുംബത്തെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായതോടെ രാഘവനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

കൊവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. രണ്ട് കിഡ്നികളും തകരാറിലായിരുന്നു . ഇന്ന് പുലർച്ചെ 4.45 ഓടെയായിരുന്നു മരണം.മൂന്ന് തവണ കൊല്ലം നെടുവത്തൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് താമരക്കുടിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: രേണുക. മക്കൾ : രാകേഷ്.ആർ. രാഘവൻ, രാഖി ആർ.രാഘവൻ.