സമുദായ വിരുദ്ധരെ സ്ഥാനാർത്ഥികളാക്കരുത്; ന്യൂനപക്ഷങ്ങളുമായി ആലോചിച്ച് തീരുമാനിക്കണമെന്ന് കോൺഗ്രസിനോട് നിർദേശിച്ച് ആർച്ച് ബിഷപ്പ്

Tuesday 23 February 2021 10:14 AM IST

കോട്ടയം: സ്ഥാനാർത്ഥികളായി സമുദായ വിരുദ്ധരെ പരിഗണിക്കരുതെന്ന് കോൺഗ്രസ് നേതൃത്വത്തോട് നിർദേശിച്ച് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. സ്ഥാനാർത്ഥികളെ ന്യൂനപക്ഷങ്ങളുമായി ആലോചിച്ച് തീരുമാനിക്കണം. ന്യൂനപക്ഷങ്ങൾക്ക് മതിയായ പ്രാധാന്യം നൽകണമെന്ന് ആവശ്യപ്പെട്ട് 1951ൽ കോൺഗ്രസ് പ്രസിഡന്റ് നെഹ്റു പി സി സികൾക്ക് കത്തയച്ചത് മാതൃകയാക്കണെന്നും ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.

നെഹ്‌റുവിന്റെ നിർദേശങ്ങൾ കോൺഗ്രസ് ഇന്ന് പാലിക്കുന്നില്ലെന്ന് പരോക്ഷമായി സൂചന നൽകിയാണ് ബിഷപ്പിന്റെ കത്ത്. സമുദായത്തിന്റെ പേരിൽ നിയമസഭയിൽ കടന്നുകൂടുന്നവർ സമുദായത്തിന് വേണ്ടി നന്മ ചെയ്യുന്നില്ല. ഇവർ ന്യൂനപക്ഷ വിരുദ്ധവും ആപത്കരവുമായ നിലപാട് സ്വീകരിക്കുന്നുവെന്നും മാർ ജോസഫ് പെരുന്തോട്ടം ചൂണ്ടിക്കാട്ടുന്നു.

സമുദായത്തോട് കൂറില്ലാത്തവരും ശത്രുത മനോഭാവത്തോടെ വിമർശിക്കുന്നവരുമുണ്ട്. ഇവർ സമൂഹ മാദ്ധ്യമങ്ങളിലൂടെയും മറ്റ് മാദ്ധ്യമങ്ങളിലൂടെയും സാമുദായിക വിരുദ്ധത വളർത്തുന്ന കാര്യം എല്ലാവരും തിരിച്ചറിയുന്നുണ്ട്. നെഹ്റുവിന്റെ വിശാല വീക്ഷണം ന്യൂനപക്ഷങ്ങൾക്ക് ഏറെ പ്രാത്സാഹനമായിരുന്നു. നെഹ്‌റുവിന്റെ വീക്ഷണം ഇന്നത്തെ രാഷ്ട്രീയ നേതൃത്വം ഉൾക്കൊളളണമെന്നും അദ്ദേഹം പറഞ്ഞു.