ലാവ്‌ലിൻ കേസ് വീണ്ടും മാറ്റി, ഇന്നുതന്നെ കേട്ടുകൂടെയെന്ന കോടതിയുടെ ചോദ്യത്തിന് സിബിഐ നൽകിയ മറുപടി ഇങ്ങനെ

Tuesday 23 February 2021 12:11 PM IST

ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. സിബിഐയുട അഭ്യർത്ഥന പ്രകാരമാണ് ഏപ്രിൽ ആറിലേക്ക് കേസ് മാറ്റിയത്. സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അഭാവമാണ് കേസ് നീട്ടിവയ‌്ക്കാൻ കാരണം.

ഇന്ന് തന്നെ കേസ് കേട്ടുകൂടേ എന്ന് കോടതി ചോദിച്ചെങ്കിലും സിബിഐ അഭിഭാഷകന്റെ അഭ്യർത്ഥന മാനിച്ച് ഏപ്രിൽ ആറിലേക്ക് കേസ് മാറ്റുകയായിരുന്നു. മാർച്ച് മാസത്തിലെ ഏതെങ്കിലും തീയതിയാണ് അഭിഭാഷകൻ ചോദിച്ചതെങ്കിലും ആ സമയത്ത് മറ്റൊരു പ്രധാനപ്പെട്ട കേസുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിൽ ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, കെഎം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഏപ്രിലിലേക്ക് മാറ്റിയതോടെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സുപ്രീം കോടതിയിൽ നിന്ന് ലാവ്‌ലിൻ കേസിൽ എന്തെങ്കിലും തീരുമാനം വരാനുള്ള സാദ്ധ്യത മങ്ങി.

അതേസമയം കോടതി ആവശ്യപ്പെട്ടതനുസരിച്ചുള്ള വാദങ്ങളുടെ രേഖാമൂലമുള്ള കുറിപ്പ് സിബിഐ ഇതുവരെ കോടതിയിൽ സമർപ്പിച്ചിട്ടില്ല. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപട്ടികയിലുള്ള ഉദ്യോഗസ്ഥരും നൽകിയ ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.