ഉദ്യോഗാർത്ഥികളുടെ നിരാഹാര സമരം തുടരുന്നു, സമരം തീർക്കാൻ തിരക്കിട്ട നടപടികളുമായി സർക്കാർ

Wednesday 24 February 2021 2:13 AM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് സംമരം കൂടുതൽ ശക്തമാക്കുന്നതിനിടെ വിവിധ വകുപ്പുകളിലെ ഒഴിവുകൾ കണക്കാക്കി നിയമനം നടത്താവുന്ന ലാസ്റ്റ് ഗ്രേഡ് തസ്തികകളുടെ പട്ടിക ആഭ്യന്തര സെക്രട്ടറി സർക്കാരിന് നൽകി. സമരം തുടരുന്ന കായികതാരങ്ങളുടെ നിയമനത്തിൽ ഇന്നത്തെ മന്ത്രിസഭായോഗത്തിൽ തീരുമാനമുണ്ടായേക്കും. ഉദ്യോഗാർത്ഥികളുന്നയിച്ച പ്രധാന ആവശ്യങ്ങളിൽ ഉറപ്പ് രേഖാമൂലം നൽകാനാണ് ഉദ്യോഗസ്ഥ തലത്തിൽ തിരക്കിട്ട നടപടികൾ നടക്കുന്നത്.വിവിധ വകുപ്പുകളിൽ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യേണ്ട ഒഴിവുകൾ വകുപ്പു മേധാവികൾ ഇതിനോടകം ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഡിസംബർ 31നുള്ളിൽ ഉണ്ടാകാനിടയുള്ള ഒഴിവുകൾ മുൻകൂട്ടി കണ്ടാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നത്തെ മന്ത്രിസഭായോഗത്തിൽ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന ഉറപ്പിൽ കായികതാരങ്ങൾ തത്കാലം കടുത്ത സമരരീതികളിൽ നിന്ന് മാറി നിൽക്കുകയാണ്. എന്നാൽ സി.പി.ഒ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ ഇപ്പോഴും അവ്യക്തതയുണ്ട്.

പി.എസ്.സി ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികളുടെ നിരാഹാരസമരം സെക്രട്ടേറിയറ്റിനു മുന്നിൽ തുടരുകയാണ്. മനു സോമൻ, ബിനീഷ് എന്നിവരും മറ്റൊരു ഉദ്യോഗാർത്ഥിയുടെ ബന്ധുവായ റിജുവുമാണ് നിരാഹാര സമരത്തിലുള്ളത്. സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുള്ള തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു തിങ്കളാഴ്ച രാത്രി ഏഴ് മണി മുതൽ പി.എസ്.സി ഉദ്യോഗാർത്ഥികൾ നിരാഹാര സമരം തുടങ്ങിയത്.