യതീഷ് ചന്ദ്ര കേരളം വിടുന്നു; മടങ്ങുന്നത് പ്രശംസകൾക്കും വിവാദങ്ങൾക്കും നടുവിൽ

Wednesday 24 February 2021 9:37 AM IST

തിരുവനന്തപുരം: യുവ ഐ പി എസ് ഓഫീസർ യതീഷ് ചന്ദ്ര കേരളം വിടുന്നു. കർണാടക കേഡറിലേക്ക് മാറാനുളള യതീഷ് ചന്ദ്രയുടെ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അം​ഗീകരിച്ചു. മൂന്ന് വർഷത്തേക്കാണ് യതീഷ് ചന്ദ്ര കർണാടക കേഡറിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടത്.

നിലവിൽ കെ എ പി നാലാം ബെറ്റാലിയൻ മേധാവിയാണ് യതീഷ് ചന്ദ്ര. കണ്ണൂർ എസ് പി ആയിരുന്ന അദ്ദേഹം കഴി‍ഞ്ഞ മാസമാണ് കെ എ പി നാലാം ബെറ്റാലിയൻ മേധാവിയായി നിയമിതനായത്. ഏറെ പ്രശംസ പിടിച്ചുപറ്റിയ യതീഷ് ചന്ദ്ര ഇതിനിടെ പല വിവാദങ്ങളിലും അകപ്പെട്ടിരുന്നു.

കൊവിഡ് കാലത്ത് നിയമം പാലിക്കാത്തവരെ ഏത്തമിടീച്ചതാണ് യതീഷ് ചന്ദ്രയുടെ പേരിൽ ഒടുവിലുണ്ടായ വിവാദം. ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്‌ണനുമായുണ്ടായ തർക്കം വലിയ വിമർശനങ്ങൾക്ക് വഴിവച്ചെങ്കിലും കേരളത്തിൽ വലിയൊരു വിഭാ​ഗം ആളുകൾ മുഖം നോക്കാതെ നടപടിയെടുക്കുന്നതിൽ യതീഷ് ചന്ദ്രയെ അഭിനന്ദിച്ചു. സർക്കാരിന്റെ പ്രീതി നേടി കണ്ണൂരിലെത്തിയെങ്കിലും പിന്നീടുണ്ടായ വിവാദങ്ങൾ മുഖ്യമന്ത്രിയുടെ അടക്കം വിമർശനങ്ങൾക്ക് വിധേയനാക്കി.