സർക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നു, ആത്മാർത്ഥമായ നടപടിയാണോ എന്ന കാര്യത്തിൽ അഭിപ്രായം പറയാനില്ലെന്ന് സുകുമാരൻ നായർ

Wednesday 24 February 2021 12:58 PM IST

തി​രുവനന്തപുരം: നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരെയുളള കേസുകൾ പിൻവലിക്കണമെന്ന നാളുകളായുളള എൻ എസ് എസിന്റെ ആവശ്യത്തിനാണ് മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നൽകിയത്. ഇതിനെ എൻ എസ് എസ് സ്വാഗതം ചെയ്യുകയും ചെയ്തു. അതേസമയം, സർക്കാരിന്റേത് ആത്മാർത്ഥമായ നടപടിയാണോ എന്ന കാര്യത്തിൽ അഭിപ്രായം പറയാനില്ലെന്നായിരുന്നു ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞത്. ഇപ്പോഴെങ്കിലും സർക്കാർ ഔചിത്യപൂർവം പെരുമാറി എന്നാണ് കരുതുന്നത്. ഇതുകൊണ്ട് ശബരിമല വിഷയം തീരുമെന്ന് കരുതേണ്ടതില്ല. ശബരിമല വിഷയത്തിൽ ഇടതുപക്ഷത്തിന്റെ നിലപാടിൽ മാറ്റമെന്തെങ്കിലും ഉണ്ടായി എന്ന് ഇതുകൊണ്ട് കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി 2300 ലധികം കേസുകളാണ് പൊലീസ് എടുത്തിട്ടുളളത്. ഇതിൽ കണ്ണൂർ ജില്ലയിലാണ് ഏറ്റവും അധികം കേസുകളുള്ളത്. അതേസമയം പൗരത്വ നിയമ ഭേദഗതി പ്രതിഷേധവുമായി ബന്ധപ്പെട്ട് 490 കേസുകളാണ് ഉള്ളത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവുമധികം കേസുകൾ. പൊതുമുതൽ നശിപ്പിക്കൽ, സ്ത്രീകൾക്കെതിരായ ആക്രമണം, മതസ്പർദ്ധ വളർത്താനുള്ള നീക്കം എന്നീ വകുപ്പുകൾ ചുമത്തിയ കേസുകൾ പിൻവലിക്കുക നിയമോപദേശത്തിന് ശേഷമായിരിക്കും.

നാമജപഘോഷയാത്രയിൽ പങ്കെടുത്ത സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വിശ്വാസികൾക്കെതിരെ കേസെടുത്തതുകാരണം പലർക്കും ജോലിക്ക് അപേക്ഷിക്കാനാകാത്ത അവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസുകൾ പിൻവലിക്കണമെന്നാവശ്യം എൻ എസ് എസ് ആദ്യം മുന്നോട്ടുവച്ചത്. വളരെ ഗൗരവമേറിയ മറ്റു പല കേസുകളും പിൻവലിക്കുമ്പോൾ ശബരിമല വിശ്വാസികൾക്കെതിരെയുള്ള കേസിൽ സർക്കാർ മൗനം പാലിക്കുകയാണെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.