'ഞാനൊരു ഇടഞ്ഞ കൊമ്പനൊന്നുമല്ല, സാധാരണക്കാരൻ മാത്രമാണ്'; വികസന പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് സഹായിച്ചിട്ടുണ്ടെന്ന് മാണി സി കാപ്പൻ
കോട്ടയം: ഇടതുമുന്നണിയിൽ നിന്നു പുറത്തുപോകാൻ നിർബന്ധിതമായതാണെന്ന് മാണി സി കാപ്പൻ. തന്നോട് കാണിച്ചത് ചതിയാണെന്നും ചുരുങ്ങിയ കാലയളവായിട്ടുപോലും വലിയ വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിൽ നടത്താൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ജനഹൃദയങ്ങളിലേക്ക് കടന്നുചെല്ലാൻ സാധിച്ചതുകൊണ്ട് തന്നെ വിജയം സുനിശ്ചിതമാണെന്നും മാണി സി കാപ്പൻ അഭിപ്രായപ്പെട്ടു.
മാണി സാർ പാലാ മുൻസിപ്പൽ ടൗൺ കേന്ദ്രീകരിച്ചാണ് വികസന പ്രവർത്തനങ്ങൾ നടത്തിയിരുന്നതെങ്കിൽ, ആ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലെയും ആളുകൾക്ക് അവകാശപ്പെട്ടതാണെന്ന തരത്തിലാണ് വികസന പ്രവർത്തനങ്ങൾ താൻ നടത്തിയത്. ഹൈറേഞ്ച് മേഖലയിലും സമീപ പഞ്ചായത്തുകളിലും വികസനം എത്തിക്കുകയുണ്ടായി. അതുകൊണ്ട് ആളുകൾക്ക് സ്നേഹവും സന്തോഷവുമുണ്ടെന്നും മാണി സി കാപ്പൻ പറഞ്ഞു.
താനൊരു ഇടഞ്ഞ കൊമ്പനൊന്നുമല്ല, സാധാരണക്കാരൻ മാത്രമാണ്. ഒരു മര്യാദക്കാരനായ മനുഷ്യനാണ് എന്നാണ് പാലായിലുളള റിപ്പോർട്ട്. പാലായിൽ ജയിക്കുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. പാലാ നിയോജക മണ്ഡലത്തിൽ ഒരുപാട് വികസന പ്രവർത്തനങ്ങൾ ഈ സർക്കാർ ചെയ്‌തു. അതിൽ മിക്കതും മുഖ്യമന്ത്രി നേരിട്ടിടപെട്ട് സഹായിച്ചതാണ്. പക്ഷെ പല ഭാഗത്തുനിന്നും ഭരണത്തിനെതിരെ ആരോപണങ്ങൾ ഇപ്പോൾ വരുന്നുവെന്നും കാപ്പൻ ചൂണ്ടിക്കാട്ടി.
യു ഡി എഫിന്റെ ഘടകകക്ഷികളിൽ നിന്ന് ആരെയും കൊണ്ടുവരാൻ ശ്രമിക്കില്ല. എൽ ഡി എഫിന്റെ ഘടകക്ഷികളിൽ നിന്ന് വരാൻ ഉദ്ദേശിക്കുന്നവരെ സ്വീകരിക്കുമെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.